കണ്ണൂർ ∙ ഗിന്നസ് റെക്കോർഡിലേക്ക് ‘ബ്രൗണി കേക്ക്’ നിർമിച്ച് കണ്ണൂരിലെ ബ്രൗണീസ് ബേക്കറിയും കോഴിക്കോട്ടെ കൊച്ചിൻ ബേക്കറിയും. ഇന്ത്യയിലെ ആദ്യത്തെ കേക്ക് നിർമിച്ച തലശ്ശേരിയിലെ മാമ്പള്ളി കുടുംബത്തിലെ പിന്മുറക്കാരാണു ബ്രൗണി കേക്ക് നിർമാണത്തിന് പിന്നിൽ. ഏറ്റവും നീളത്തിലുള്ള കവേർഡ് ബ്രൗണിയാണു നിർമിക്കുന്നത്. ഏകദേശം 2800 കിലോയാണ് തൂക്കം. 5 സെ.മീ. ഉയരവും ഒരു അടി വീതിയും 700 അടിയോളം നീളവുമുണ്ടാകും. ഇന്നും നാളെയും ജവാഹർ സ്റ്റേഡിയത്തിലാണു ബ്രൗണി കേക്കിന്റെ പ്രദർശനം നടക്കുക. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന ഫോട്ടോ കേക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നു രാവിലെ 10ന് ജവാഹർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കണ്ണൂർ മേയർ ടി.ഒ.മോഹനൻ അധ്യക്ഷനാകും. കെ.സുധാകരൻ എംപി മുഖ്യാതിഥിയായിരിക്കും. 3 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും. നാളെ പ്രദർശനത്തിന്റെ സമാപനം വൈകിട്ട് 4ന് കഥാകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
ഡപ്യൂട്ടി മേയർ കെ.ഷബീന അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുഖ്യാതിഥിയാകും. അവസാന ദിവസം പൊതുജനങ്ങൾക്ക് ‘ഗിന്നസ് ബ്രൗണി’ രുചിച്ചു നോക്കാനും അവസരമുണ്ടെന്നു കൊച്ചിൻ ബേക്കറി ഡയറക്ടർ എം.പി.രമേശ്, ബ്രൗണീസ് ബേക്കറി ഡയറക്ടർ എം.കെ.രഞ്ജിത്ത്, രേണുക ബാല, പ്രവീൺ കൃഷ്ണ എന്നിവർ പറഞ്ഞു.
എന്താണ് ബ്രൗണി
രുചിയിൽ കേക്കിനോട് സാദൃശ്യമുള്ള ബ്രൗണിയുടെ ഉദ്ഭവം അമേരിക്കയിലാണ്. എന്നാൽ കേക്ക് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളുടെ നാലിലൊന്ന് മതി ബ്രൗണി ഉണ്ടാക്കാൻ. കേക്കിന്റെ രൂചിക്കൂട്ട് മാറിയാണ് ആദ്യം ബ്രൗണി ഉണ്ടായതെന്നും പറയപ്പെടുന്നു. കശുവണ്ടി, ചോക്ലേറ്റ്, വെജിറ്റബിൾ ഓയിൽ എന്നിവ ഉപയോഗിച്ചാണ് നിർമാണം.