തലശ്ശേരി∙ സ്പീക്കർ എ.എൻ. ഷംസീറിനെ പൈലറ്റ് ചെയ്യാനായി പുറപ്പെട്ട പൊലീസ് വാഹനം എരഞ്ഞോളി ചുങ്കത്ത് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയ ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. 2 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കുണ്ട്. നിർമാണത്തൊഴിലാളി എരുവട്ടി പൂളബസാറിലെ കോറോത്താന്റവിട രൂപേഷിനെ (36) ഗുരുതരാവസ്ഥയിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ തലശ്ശേരി സ്റ്റേഷനിലെ എസ്ഐ കെ. സുരേഷ്, ഡ്രൈവർ റിജിൻ എന്നിവർക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
കതിരൂരിൽ പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്പീക്കറെ പൈലറ്റ് ചെയ്യാനായി പുറപ്പെട്ടതായിരുന്നു തലശ്ശേരി പൊലീസ് സ്റ്റേഷനിലെ വാഹനം. സ്പീക്കറുടെ വാഹനം പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ ബ്രേക്ക് ചെയ്തതിനെത്തുടർന്ന് നിയന്ത്രണം വിട്ടെന്നാണ് സംശയം. അപകടത്തെത്തുടർന്ന് സ്പീക്കർ എ.എൻ. ഷംസീർ സ്ഥലത്ത് ഇറങ്ങി വിവരങ്ങൾ ആരാഞ്ഞതിന് ശേഷം യാത്ര തുടർന്നു. വൈകിട്ട് 4 മണിയോടെയാണ് അപകടം. എരഞ്ഞോളി ചോനാടത്ത് നിർമാണ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോവുന്നതിനിടയിൽ സഹപ്രവർത്തകന് സാധനം വാങ്ങാനായി വാഹനം നിർത്തി റോഡരികിൽ നിൽക്കുകയായിരുന്നു രൂപേഷ്. ഇതിനിടയിലാണ് അപകടം. എഎസ്പി: അരുൺ കെ.പവിത്രൻ സ്ഥലത്ത് എത്തി.