ADVERTISEMENT

അഴീക്കോട് ∙ മത്സ്യബന്ധന തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് നേരത്തെ പ്രഖ്യാപിച്ച 25.37 കോടി രൂപയുടെ പദ്ധതി രണ്ടു വർഷത്തിനകം പൂർത്തിയാക്കാൻ ധാരണ. കെ.വി.സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ അഴീക്കലിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തുറമുഖ വികസനത്തിനുള്ള എംഎൽഎയുടെ അഭ്യർഥന മാനിച്ച് രണ്ടു വർഷം മുൻപ് മന്ത്രി സജി ചെറിയാൻ തുറമുഖത്തെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു.

തുടർന്നാണ് മാസ്റ്റർ പ്ലാൻ തയാറാക്കുകയും തുക അനുവദിക്കുകയും ചെയ്തത്. നബാർഡിന്റെ അംഗീകാരവും ഭരണാനുമതിയും ലഭിച്ചതിനാൽ വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കാൻ എംഎൽഎ നിർദേശിച്ചു. തുറമുഖ നവീകരണത്തിനൊപ്പം ഫിഷറീസ് സ്കൂളിനുകൂടി പ്രയോജനകരമാവുന്ന വിധം ആധുനിക സെവൻസ് ഫുട്ബോൾ മൈതാനവും ഒരുക്കും. ബോട്ടുകൾ കരയ്ക്കടുപ്പിക്കാൻ 185.35 മീറ്റർ നീളമുള്ള വാർഫ്, 498 ചതുരശ്ര മീറ്ററിൽ ലേലപ്പുര, തൊഴിലാളികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള 12 ലോക്കർ മുറി,

സാഫ് ഓഫിസ്, മത്സ്യം വാഹനത്തിൽ കയറ്റാനും പാർക്കിങ്ങിനുമുള്ള സൗകര്യം, ഓഫിസ് കെട്ടിടം, കന്റീൻ, ശുചിമുറി ബ്ലോക്ക്, സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വലയുടെ നിർമാണവും അറ്റകുറ്റപ്പണിയും നടത്താനുള്ള സ്ഥലം, ബോട്ട് യാഡ് നവീകരണം, വാർഫ് ഡ്രജിങ്, ചുറ്റുമതിൽ, കുടിവെള്ള സൗകര്യം, നിരീക്ഷണ ക്യാമറ, തുറമുഖത്തേക്കുള്ള റോഡ് നവീകരണം, വൈദ്യുതീകരണം തുടങ്ങിയവയാണ് ഒരുക്കുക.

യോഗത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, ഹാർബർ എൻജിനീയറിങ് സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് അൻസാരി, എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അഷ്‌റഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വിനയൻ, അസിസ്റ്റന്റ് എൻജിനീയർ സുനിൽകുമാർ, മത്സ്യഫെഡ് ജില്ലാ ഓഫിസർ രജിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com