പഴയങ്ങാടി∙ അവഗണനയുടെ ചൂളം വിളി ഉയരുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷന് വീണ്ടും തിരിച്ചടി. പതിറ്റാണ്ടുകളായി പ്രവർത്തിച്ച് വരുന്ന പാഴ്സൽ സർവീസ് നിർത്തലാക്കി. യാതൊരു മുന്നറിയിപ്പും കൂടാതെ കഴിഞ്ഞ ദിവസമാണ് പാഴ്സൽ സർവീസ് നിർത്തലാക്കി കൊണ്ടുളള ഉത്തരവ് സ്റ്റേഷനിലെത്തിയത്. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സൽ സർവീസിൽ വലിയ വരുമാനം ഉളള റെയിൽവേ സ്റ്റേഷനാണ് പഴയങ്ങാടി. തീരദേശ മേഖലയായതിനാൽ വൻതോതിൽ മത്സ്യം ഇവിടെ നിന്ന് കയറ്റി അയയ്ക്കാറുണ്ട്.
ചെമ്മീൻ, ഞണ്ട്, ഉണക്ക മത്സ്യം എന്നിവയും ധാരാളമായി കയറ്റി അയയ്ക്കാറുണ്ട്. ഉത്തരവ് വന്നതിന് പിന്നാലെ സ്റ്റേഷനിലെ പാഴ്സൽ ഓഫിസ് അടച്ചു. ഏതാനും ദിവസം മുൻപ് സ്റ്റേഷനിലെ ശുചീകരണം റെയിൽവേ അധികൃതർ നിർത്തലാക്കിയിരുന്നു. വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ശുചീകരണം പുനരാരംഭിച്ചത്. ഇതിന് പിന്നാലെയാണ് പാഴ്സൽ സർവീസ് നിർത്തലാക്കിയത്.
ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഉണ്ടായിരുന്ന ടീ സ്റ്റാൾ അടച്ചിട്ട് മാസങ്ങളായി. ഇതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ ടീ സ്റ്റാൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയായിരുന്നു. പാഴ്സൽ സർവീസ് നിർത്തലാക്കിയതോടെ ഇവിടെ ജോലി ചെയ്തിരുന്നവരുടെ ഉപജീവനമാർഗം ഇല്ലാതായി. മുന്നറിയിപ്പ് ഇല്ലാതെ പാഴ്സൽ സർവീസ് നിർത്തിയത് കാരണം പാഴ്സൽ അയയ്ക്കാൻ ഇവിടെ എത്തുന്നവർ മറ്റ് സ്റ്റേഷനുകളെ സമീപിക്കേണ്ട അവസ്ഥയാണ്.