ഇരിട്ടി∙ പായം പഞ്ചായത്തിലെ നാട്ടേലിൽ പന്നികൾ കൂട്ടത്തോടെ ചാകുന്നു. ആഫ്രിക്കൻ പന്നിപ്പനി ലക്ഷണങ്ങൾ ഉള്ളതിനാൽ ജില്ലാ മൃഗസംരക്ഷണ വിദഗ്ധ സംഘം പോസ്റ്റ്മോർട്ടം നടത്തി സാംപിൾ ബെംഗളൂരുവിലെ എസ്ആർഡിഡിഎല്ലിലേക്ക് പരിശോധനയ്ക്ക് അയച്ചു. പായം പഞ്ചായത്ത് 7–ാം വാർഡിൽ തെങ്ങോല നാട്ടേലിൽ താമസിക്കുന്ന നെല്ലിക്കുന്നേൽ സുനിലിന്റെ ഫാമിലെ പന്നികളാണ് ചാകുന്നത്. 62 പന്നികൾ ഉണ്ടായിരുന്നതിൽ 23 എണ്ണം ഇതിനകം ചത്തു. ഇന്നലെ മാത്രം 3 പന്നികൾ ചത്തു. 2 എണ്ണം വീണുകിടക്കുകയാണ്.
അവശേഷിച്ച 37 എണ്ണം അവശതയിലാണ്. കഴിഞ്ഞ 17 നാണ് പെട്ടെന്ന് അവശതയിലായി 6 പന്നികൾ ഒരുമിച്ചു ചത്തത്. തൊട്ടടുത്ത ദിവസങ്ങളിൽ 3 വീതവും കൂടി ചത്തതോടെ ആശങ്കയായി. അവശത കാണിച്ചപ്പോൾ തന്നെ ഫാം ഉടമ സുനിൽ മരുന്ന് വാങ്ങി നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ല. 20 ന് പേരട്ടയിലെ വെറ്ററിനറി സർജൻ ഡോ. സിന്ദൂര എത്തി പരിശോധന നടത്തി.
21 ന് ജില്ലാ സംഘം എത്തി പോസ്റ്റ്മോർട്ടം നടത്തി സാംപിൾ പരിശോധനയ്ക്ക് അയച്ചു. പന്നികളെ ശ്രദ്ധിക്കണമെന്നും മാംസമായോ, പന്നികളെയോ വിൽപന നടത്താൻ പാടില്ലെന്നും നിർദേശം നൽകി. 40 കിലോ മുതൽ 1 ക്വിന്റൽ വരെയുള്ള 23 പന്നികളാണ് ഇതിനകം ചത്തത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. ബെംഗളൂരു ലാബിലെ പരിശോധനാ ഫലം ലഭിച്ചാലേ രോഗ സ്ഥിരീകരണം നടത്താൻ കഴിയുള്ളുവെന്നു മൃഗസംരക്ഷണ വിഭാഗം അറിയിച്ചു.
ജീവനോപാധി നഷ്ടപ്പെട്ട് ഫാം ഉടമയും കുടുംബവും
ദിവസവും ചത്തുവീഴുന്ന ആരോഗ്യമുള്ള പന്നികൾ. എങ്ങനെ സംസ്കരിക്കണമെന്നറിയാത്ത ആശങ്ക. ഉള്ള വിറകുകൾ കൂട്ടി ചത്ത പന്നികളെ കത്തിച്ചു കഴിയുമ്പോഴേക്കും അടുത്തതു കൂട്ടിൽ ചത്തു വീഴുന്ന സങ്കടക്കാഴ്ചകൾ. അവശതയിൽ ആണെങ്കിലും അവശേഷിച്ച പന്നികൾക്ക് തീറ്റ ശേഖരിച്ചു കൊണ്ട് വന്നു നൽകേണ്ടതിന്റെ പ്രാരബ്ധങ്ങൾ. പന്നികൾ കൂട്ടത്തോടെ ചാകുന്നതായും പന്നിപ്പനിയാണോയെന്നുമുള്ള സംശയ പ്രചാരണവും ഉണ്ടായതിനാൽ സഹായിക്കാനോ, തിരിഞ്ഞു നോക്കാനോ ആളുകൾ ഭയപ്പെടുന്നതിന്റെ ഒറ്റപ്പെടൽ.
നെല്ലിക്കുന്നേൽ സുനിലും ഭാര്യ റിറ്റിയും അനുഭവിക്കുന്ന നരകയാതനകളും ജീവിതം വഴിമുട്ടിയതിന്റെ സങ്കടവും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. 10 വർഷമായി ചെറിയ നിലയിൽ വീടിനോടു ചേർന്നു പന്നി ഫാം നടത്തിയാണ് സുനിലും കുടുംബവും ഉപജീവനം നടത്തിയിരുന്നത്. ഇങ്ങനെ ഒരു പ്രതിസന്ധി ഒരിക്കലും നേരിട്ടിട്ടില്ല. 23 പന്നികൾ ആണു ചത്തതെങ്കിലും ബാക്കി ഉള്ളവ ഒന്നും രക്ഷപ്പെടുമെന്ന പ്രത്യാശയില്ല. വിവിധ ബാങ്കുകളിലായി 5 ലക്ഷത്തിലധികം രൂപ കടബാധ്യത ഉണ്ട്.
8 മാസം മുൻപ് കണിച്ചാർ ചെങ്ങോമിലും 4 മാസം മുൻപ് പേരാവൂർ കാഞ്ഞിരപ്പുഴയിലും ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച സാഹചര്യം ഉണ്ടായതോടെ പന്നികളുടെ വിൽപന നിലച്ചിരുന്നു. 3 ആഴ്ച മുൻപ് വീർപ്പാടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിസന്ധി വീണ്ടും നീണ്ടു. ഇതിനിടെ ആണു സംശയ സാഹചര്യത്തിൽ സുനിലിന്റെ ഫാമിലും പന്നികൾ ചത്തുവീണു തുടങ്ങിയത്. ഇവർ ഭാര്യയും ഭർത്താവും ചേർന്നാണ് പന്നികളുടെ പരിചരണം ഉൾപ്പെടെ നടത്തിയിരുന്നത്.