മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എംബാർക്കേഷൻ പദവി (ഹജ് പുറപ്പെടൽ) ലഭിച്ച ആദ്യ വർഷം തന്നെ ഹജ് തീർഥാടനത്തിന് പുറപ്പെടാൻ അപേക്ഷിച്ചത് 3458 പേർ. ഇതിൽ കണ്ണൂർ ജില്ലയിൽ നിന്ന് 2114 പേരും കാസർകോട് നിന്ന് 1033 പേരുമാണ് അപേക്ഷ നൽകിയത്. ഏതൊക്കെ ജില്ലയിൽ നിന്നുള്ളവരാണ് കണ്ണൂർ വിമാനത്താവളം തിരഞ്ഞെടുത്തത് എന്ന് അന്തിമ പട്ടിക വന്നാൽ വ്യക്തമാകും.
അപേക്ഷകരിൽ നിന്ന് ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്ന ഹാജിമാരുടെ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്നലെ പൂർത്തിയായി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ ഡൽഹിയിൽ കേന്ദ്രീകൃത ഡിജിറ്റൽ തിരഞ്ഞെടുപ്പാണ് നടന്നത്. 70 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെയും 45 വയസ്സിന് മുകളിൽ പ്രായമുള്ള ലേഡീസ് വിതൗട്ട് മെഹ്റവും ആണ് നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മറ്റു വിഭാഗത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നു. എത്ര പേർക്ക് അവസരം ലഭിക്കുമെന്നത് അറിയാൻ അന്തിമ പട്ടിക ലഭിക്കണം.
സംസ്ഥാനത്ത് 19524 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3458 പേർ കണ്ണൂർ തിരഞ്ഞെടുത്തപ്പോൾ 4099 പേർ കൊച്ചിയും, 11,967 പേർ കോഴിക്കോടുമാണ് എംബാർക്കേഷനായി തിരഞ്ഞെടുത്തത്. കണ്ണൂരിൽ തീർഥാടകരെ വരവേൽക്കുന്നതിന് വിമാനത്താവളത്തിൽ ഏർപ്പെടുത്തേണ്ടി വരുന്ന സൗകര്യങ്ങൾക്കായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ ഒരുക്കങ്ങൾക്കായി വകുപ്പ് തലത്തിൽ നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷന് സമീപം പുതുതായി നിർമിക്കുന്ന കാർഗോ ടെർമിനലിലാണ് ഹജ് ക്യാംപ് ഒരുക്കുന്നത്.വൊളന്റിയർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 5000 പേർക്കുള്ള സൗകര്യങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കണ്ണൂർ ജില്ലയ്ക്ക് പുറമേ വയനാട്, കാസർകോട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ആളുകൾ കണ്ണൂരിൽ നിന്ന് ഹജ്ജിന് പുറപ്പെടുമെന്നാണ് പ്രതീക്ഷ.