കണ്ണൂർ∙ വി.കുഞ്ഞിക്കൃഷ്ണൻ ഏരിയ കമ്മിറ്റിയിൽ തിരിച്ചെത്തിയതിനെ തുടർന്നു സിപിഎം പയ്യന്നൂർ ഏരിയയിലുണ്ടായ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയാതെ ജില്ലാ നേതൃത്വം. പാർട്ടിയിലെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷും പങ്കെടുത്തിരുന്നു. എന്നാൽ, ഈ യോഗത്തിലും തുടർന്നു നടന്ന ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാരുടെ യോഗത്തിലും ഒരു പ്രധാന നേതാവ് പങ്കെടുത്തില്ല. പയ്യന്നൂരിൽ ഒരു വിഭാഗത്തിന് ആവശ്യത്തിലേറെ പരിഗണന ലഭിക്കുന്നതായി ആക്ഷേപമുണ്ട്.
പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറിയും പരാതിയുമൊക്കെ അടഞ്ഞ അധ്യായമാണെന്നു കഴിഞ്ഞദിവസവും ഏരിയ കമ്മിറ്റിയിൽ എം.വി.ജയരാജൻ ആവർത്തിച്ചു. ‘പയ്യന്നൂരിൽ പാർട്ടിക്കു പണം നഷ്ടപ്പെട്ടിട്ടില്ല. വി.കുഞ്ഞിക്കൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതു നടപടിയുടെ ഭാഗമല്ല.’ എം.വി.ജയരാജൻ വിശദീകരിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.നാരായണനും സി.കൃഷ്ണനും പ്രശ്നങ്ങൾ ഉയർന്നു വന്നപ്പോൾ ഉണർന്നു പ്രവർത്തിക്കാൻ സാധിച്ചില്ലെന്നും പി. സന്തോഷ് കൂട്ടായ നേതൃത്വത്തിന്റെ ഭാഗമാകാതെ പ്രവർത്തിക്കുകയാണു ചെയ്തതെന്നുമുള്ള വിലയിരുത്തലും ജില്ലാ നേതൃത്വം ഏരിയ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഇത് ഏകപക്ഷീയമായ വിലയിരുത്തലാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
വി.കുഞ്ഞിക്കൃഷ്ണൻ സിപിഎമ്മിൽ തിരിച്ചെത്തിയതിൽ പ്രതിഷേധിച്ച് ഏരിയ, ലോക്കൽ കമ്മിറ്റികളിൽ നിന്നു വിട്ടുനിന്ന ചില നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിൽ ഒരു വിഭാഗത്തിനു പ്രതിഷേധമുണ്ട്.കുഞ്ഞിക്കൃഷ്ണനെ തിരിച്ചെടുത്തതിലുള്ള പ്രതിഷേധം വ്യക്തമാക്കി 3 ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റികളിലെ 14 അംഗങ്ങളും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നത് അച്ചടക്കം ലംഘനമാണെന്നു വ്യക്തമായിട്ടും നടപടിയുണ്ടായില്ല.
കുഞ്ഞിക്കൃഷ്ണനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനു ലോക്കൽ കമ്മിറ്റിയിൽ നിന്നു വിട്ടു നിൽക്കാൻ ഒരംഗത്തോട് ആവശ്യപ്പെട്ട മറ്റൊരംഗത്തിനു ശാസന മാത്രമാണു ലഭിച്ചത്. പാർട്ടി ചട്ടപ്രകാരം കടുത്ത നടപടിയെടുക്കേണ്ട കുറ്റമാണിതെന്നും ഒരു വിഭാഗം പറയുന്നു. രക്തസാക്ഷി ഫണ്ട് അടക്കമുള്ള 3 ഫണ്ടുകളിൽ തിരിമറി നടന്നുവെന്നു കാണിച്ച് ഇടതുമുന്നണിയുടെ പേരിൽ വ്യാജ രശീതിയുണ്ടാക്കി പണപ്പിരിവു നടത്തിയതും രക്തസാക്ഷി ഫണ്ട്, കെട്ടിട നിർമാണ ഫണ്ട് എന്നിവയിൽ ക്രമക്കേടു നടത്തിയതും അടക്കമുള്ള പരാതിയിൽ ഇതുവരെ കാര്യമായ നടപടിയെടുക്കാത്തതിലും പയ്യന്നൂരിൽ പ്രതിഷേധമുണ്ട്. ഏരിയിയലെ പ്രശ്നങ്ങൾ പരസ്യമായ ചില വാക്തർക്കങ്ങൾക്കിടയാക്കിയതായും വിവരമുണ്ട്.