ADVERTISEMENT

പരിയാരം ∙ രണ്ടുപതിറ്റാണ്ടായി മുടങ്ങാതെ നോമ്പെടുക്കുകയാണ് പരിയാരം ഗവ. ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ഗോപകുമാർ. 2002ലാണു തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോ. ഗോപകുമാർ പരിയാരം ഗവ. ആയുർവേദ കോളജിൽ എത്തുന്നത്. 2003ൽ റമസാൻ മാസത്തിൽ ക്ലാസിലെ ഒട്ടേറെ വിദ്യാർഥികൾ വ്രതമനുഷ്ഠിക്കുന്നതു കണ്ടപ്പോഴാണ് അവരോട് ഐക്യപ്പെട്ട് നോമ്പെടുക്കാൻ ഡോ. ഗോപകുമാർ തീരുമാനിച്ചത്. പലപ്പോഴും പള്ളിയിൽ പോയി നോമ്പുതുറന്നു. 2003ൽ തുടങ്ങിയ വ്രതമെടുക്കൽ 2023ലും തുടരുന്നു.

25 വർഷം മല ചവിട്ടിയ ഗുരുസ്വാമിയാണ് ഇദ്ദേഹം. ഇതിൽ ചില വർഷങ്ങളിൽ നോമ്പെടുത്താണു മല കയറിയതും. വെള്ളം വരെ ഉപേക്ഷിച്ചു മല കയറിയിട്ടുണ്ടെന്നു ഡോ. ഗോപകുമാർ പറഞ്ഞു. റമസാൻ കാലത്ത് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യേണ്ടി വന്നപ്പോഴും നോമ്പ് മുടക്കിയില്ല. 20 വർഷങ്ങളായി നോമ്പെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടാൻ സഹായിച്ചുവെന്നും ആത്മീയ ആനന്ദം ഇതിലൂടെ ലഭിക്കുന്നതായും ഗോപകുമാർ പറയുന്നു. ‘സന്ധ്യയ്ക്കു തരിക്കഞ്ഞി, ഈന്തപ്പഴം, പഴങ്ങൾ, ജ്യൂസ് എന്നിവയുമായാണു നോമ്പ് മുറിക്കൽ.

രാത്രി 8നു ചോറോ ചപ്പാത്തിയോ കഴിക്കും. പുലർച്ചെ 4.30നു ദോശയോ കഞ്ഞിയോ കഴിക്കും. നോമ്പ് മുറിച്ച ശേഷമുള്ള സമയങ്ങളിൽ വെള്ളം ധാരാളം കുടിക്കും. പകൽ സമയങ്ങളിൽ വെള്ളം കുടിക്കാത്തതിനാലാണിത്’, ഡോ. എസ്.ഗോപകുമാർ പറഞ്ഞു.
നോമ്പ് മാസം ആരോഗ്യ സംരക്ഷണത്തിനുള്ള കാലമാണെന്നും ജീവിതശൈലി രോഗങ്ങളെ ഒഴിവാക്കാനുള്ള അവസരമായി നോമ്പ് നാളുകളിലെ ജീവിത രീതി സഹായിക്കുമെന്നും ഡോ. ഗോപകുമാർ കരുതുന്നു.

ഹൃദയാഘാതം, പ്രമേഹം, രക്തസമ്മർദം എന്നീ രോഗങ്ങളുണ്ടാകുന്നതു തെറ്റായ ഭക്ഷണശീലവും ജീവിതശൈലിയും കൊണ്ടാണ്. വൈദ്യശാസ്ത്രം ഇതിനു നിർദേശിക്കുന്ന പ്രതിവിധി ഭക്ഷണനിയന്ത്രണമാണ്. നോമ്പ് ഈ നിയന്ത്രണം സാധ്യമാക്കുന്നു. അന്നനാളം മുതൽ ദഹനേന്ദ്രിയം വരെ ശരീരത്തിന്റെ പല ഭാഗങ്ങൾക്കും വിശ്രമം നൽകുന്ന സമയമാണു നോമ്പ്‍കാലം. നോമ്പിലൂടെ ശരീരത്തിലെ കൊഴുപ്പും കൊളസ്‌ട്രോളും കുറയുന്നു. ഇതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും എന്നാണു കരുതപ്പെടുന്നത്.

ഭക്ഷണരീതി

ലളിതമായ ഭക്ഷണ വിഭവങ്ങളാണു നോമ്പുതുറകളിലെ അത്താഴവേളയിൽ സ്വീകരിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ ഭക്ഷണം മണിക്കൂറുകളോളം എത്താത്തതിനാൽ, സാവധാനം ദഹിക്കുന്ന ഭക്ഷണത്തിനു പകരം വേഗം ദഹിക്കുന്ന നാരുകളടങ്ങിയ ഭക്ഷണമാണു കഴിക്കേണ്ടത്. ആമാശയമാണ് രോഗത്തിന്റെ പ്രവേശന കവാടം. നോമ്പുകാലം ആമാശയത്തെ ശുദ്ധീകരിച്ചു നിലനിർത്തുന്നു. അധികം എരിവും പുളിയും അടങ്ങിയ ഭക്ഷണം ഒഴിവാക്കണമെന്നും ഡോ. എസ്.ഗോപകുമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com