ADVERTISEMENT

ചെറുപുഴ∙ പാടിയോട്ടുചാൽ വാച്ചാലിൽ അമ്മയും 3 കുട്ടികളും ഒപ്പം താമസിക്കുന്ന സുഹൃത്തും വീട്ടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസ് ഇന്നലെ സ്ഥലത്തു വീണ്ടും പരിശോധന നടത്തി. പരിസരവാസികളുടെ മൊഴി രേഖപ്പെടുത്തി. വാച്ചാലിലെ നടുക്കുടി ശ്രീജ (38), സുഹൃത്ത് മുളപ്രവീട്ടിൽ ഷാജി (40), ശ്രീജയുടെ മക്കളായ സൂരജ് (12) സുജിൻ (10), സുരഭി (8) എന്നിവരെയാണു തൂങ്ങിമരിച്ച നിലയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു നിഗമനം. കുട്ടികളുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമൊന്നും കാണാനില്ല. 

ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കൊടുത്തതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ഇതിൽ സൂരജിനെ കെട്ടിത്തൂക്കിയതു ജീവനോടെയാണെന്നും സുജിൻ, സുരഭി എന്നിവരെ കെട്ടിത്തൂക്കിയപ്പോൾ ജീവൻ ഉണ്ടായിരുന്നില്ലെന്നുമാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്രീജയും ഷാജിയും തൂങ്ങിമരിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നിന്നു കണ്ടെത്തിയ ഭക്ഷണാവശിഷ്ടങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഉറക്കഗുളിക ഭക്ഷണത്തിൽ കലർത്തിയിട്ടുണ്ടോ എന്ന കാര്യം ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ ഉറപ്പിക്കാൻ സാധിക്കുവെന്ന നിലപാടിലാണു അന്വേഷണ സംഘം. ശ്രീജയുടെയും ഷാജിയുടെയും മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

ഈമാസം 16 മുതൽ ഒരുമിച്ചു താമസിക്കുകയായിരുന്ന ശ്രീജയെയും ഷാജിയെയും വാച്ചാലിലെ വീട്ടിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ശ്രീജയുടെ ഭർത്താവ് സുനിൽ ചെറുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ചു മധ്യസ്ഥ ചർച്ച നടത്താനിരിക്കെയാണു ദാരുണ സംഭവം നടന്നത്. മരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 3 കുട്ടികളെയും കൊലപ്പെടുത്തിയതാണെന്നു വ്യക്തമായാൽ, കേസിൽ കൊലപാതകക്കുറ്റം കൂടി ചേർക്കും. അസ്വാഭാവിക മരണത്തിനാണു നിലവിൽ ചെറുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്.

ശ്രദ്ധേയമായി പൊലീസിന്റെയും ഡോക്ടർമാരുടെയും ഇടപെടൽ 

പരിയാരം∙ ചെറുപുഴയിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പൊലീസിന്റെയും പരിയാരം മെഡിക്കൽ കോളജ് ഫൊറൻസിക് ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഇടപെടൽ ശ്രദ്ധേയമായി. 5 പേരുടെയും ഇൻക്വസ്റ്റ്, വീട്ടിലെ ശാസ്ത്രീയ പരിശോധന എന്നിവ ഉച്ചയ്ക്ക് 2 മണിയോടെ പൂർത്തിയാക്കാൻ പൊലീസിനു സാധിച്ചിരുന്നു. ഒരു സിഐയും 4 എസ്ഐമാരുമടങ്ങുന്ന സംഘമാണ് ഇൻക്വസ്റ്റ് നടത്തിയത്. തുടർന്ന് ബന്ധുക്കൾക്കും അടുത്ത ആളുകൾക്കും മൃതദേഹം കാണാൻ 20 മിനിറ്റോളം സമയം അനുവദിച്ചു. 

ആംബുലൻസുകൾ രാവിലെ തന്നെ തയാറാക്കി നിർത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും നടപടികൾക്കു ശരവേഗമായിരുന്നു. 3 മണിയോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ച മൃതദേഹങ്ങൾ ഡോ.സരിതയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കി. 2 ടേബിളുകളിലായി 5 പോസ്റ്റ്മോർട്ടങ്ങളും ഏഴരയോടെ പൂർത്തീകരിക്കുകയും ബന്ധുക്കൾക്കു വിട്ടു നൽകുകയും ചെയ്തു. രാത്രിയിൽ തന്നെ 5 മൃതദേഹങ്ങളും ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംസ്കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com