ഏലപ്പീടിക∙ ട്രെയിനില്ലാത്ത ഏലപ്പീടിക മലമുകളിൽ ട്രെയിനും പ്ലാറ്റ് ഫോമും കണ്ടാൽ?കണിച്ചാർ പഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ ഏലപ്പീടികയിലാണ് ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും രൂപത്തിൽ കൗതുകരമായ ഒരു വഴിയോര വിശ്രമ കേന്ദ്രം നിർമിച്ചിട്ടുള്ളത്. ഏലപ്പീടിക കേളകം റോഡിന് സമീപമാണ് ഈ വിശ്രമ കേന്ദ്രം ഉള്ളത്. കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡിൽ 20 ലക്ഷം രൂപ ചെലവിലാണ് ഈ വിശ്രമ കേന്ദ്രം ഒരുക്കിയത്. ഈ ഗ്രാമത്തിലെ മഹിള സമാജം വിട്ടു നൽകി 5 സെന്റ് സ്ഥലത്താണ് വിശ്രമ കേന്ദ്രം പണിതത്.
പഞ്ചായത്തിലെ അസി എഞ്ചിനീയർ വിഷ്ണുവാണ് ഡിസൈൻ ചെയ്തത്. ഈ വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് നൽകാനാണ് തീരുമാനം. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഉള്ള ശുചിമുറി വരെ സൗകര്യപൂർവം ഒരുക്കിയിട്ടുള്ള ഇവിടെ കോഫി ഷോപ്പ്, വിശ്രമ മുറി തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. അടുത്തയാഴ്ച ഇത് വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. സമീപത്തായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചു നിർമിക്കുന്ന വ്യൂ പോയിന്റിന്റെ പണികളും നടത്തി വരികയാണെന്ന് പഞ്ചായത്തംഗം ജിമ്മി ഏബ്രഹാം പറഞ്ഞു.