പയ്യന്നൂർ ∙ ആയാസരഹിത നീന്തൽ ശീലിക്കണമെന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ചാൾസൻ സ്വിമ്മിങ് അക്കാദമിയും ചേർന്ന് ഏറൻ പുഴയിലെ ഐഎൻഎ ബോട്ട് ജെട്ടിക്കു സമീപം ബോധവൽക്കരണ കായൽ നീന്തൽ സംഘടിപ്പിച്ചു. ആയാസരഹിത നീന്തലിന്റെ ഭാഗമായി ജലോപരിതലത്തിൽ വിശ്രമിക്കുന്നതിനുള്ള ഫ്ലോട്ടിങ് പരിശീലനത്തിലൂടെയാണു പരിപാടി തുടങ്ങിയത്.
റൂറൽ എസ്പി എം.ഹേമലത ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടർ എസ്.ചന്ദ്രശേഖർ, നീന്തൽ പരിശീലകരായ ചാൾസൻ ഏഴിമല, വില്യംസ് ചാൾസൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളുൾപ്പെടെ അൻപതോളം പേർ മറുകരയായ വലിയപറമ്പിലേക്കും തിരിച്ചും നീന്തി.
7 വയസ്സുള്ള ഫൈഹ ഫൈസൽ, 8 വയസ്സുള്ള അർണവ് പ്രവീൺ എന്നിവർ കൂടി ഇവരോടൊപ്പം നീന്തി. ടി.ഐ.മധുസൂദനൻ എംഎൽഎ കലക്ടറെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. സ്വിമ്മിങ് അക്കാദമി സെക്രട്ടറി ജാക്‌സൺ ഏഴിമല അധ്യക്ഷത വഹിച്ചു. കലക്ടർ എസ്.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
ടി.ഐ.മധുസൂദനൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, സി.പി.ഷിജു, പി.രഞ്ജിത്ത്, ടി.ഗോവിന്ദൻ, എ.വത്സല, ഫയർ സ്‌റ്റേഷൻ ഓഫിസർ പ്രഭാകരൻ, തളിപ്പറമ്പ് ഫയർ സ്‌റ്റേഷൻ ഓഫിസർ പി.രാജേഷ്, ഫയർ ഓഫിസേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.വി.പവിത്രൻ എന്നിവർ പ്രസംഗിച്ചു.