ADVERTISEMENT

ഏച്ചൂർ ∙ കണ്ണൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിനു തീ പിടിച്ചു. ഇന്നലെ പുലർച്ചെ 4നാണു സംഭവം. ജൈവ, അജൈവ മാലിന്യം വേർതിരിക്കുന്ന പ്രദേശത്തു നിന്നു പുക ഉയരുന്നതു കണ്ടു സമീപവാസികൾ കോർപറേഷൻ അധികൃതരെയും തുടർന്ന് കണ്ണൂർ അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. റീജനൽ ഫയർ ഓഫിസർ പി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞില്ല. 

തുടർന്ന് പയ്യന്നൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് വീതം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയ ശേഷം 1.30ഓടെ തീ നിയന്ത്രണ വിധേയമാക്കി. ടിപ്പറിൽ മണൽ കൊണ്ടുവന്നു തീയുടെ മുകളിൽ തള്ളിയും മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മാലിന്യക്കൂമ്പാരം ഇളക്കി മാറ്റിയും കുഴിയെടുത്ത് ഇതിലേക്കു മാലിന്യം കോരി മാറ്റിയുമാണു തീ പടരുന്നതു തടഞ്ഞത്.

1.30ഓടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്തമായി പുക ഉയരുന്നത് ഏറെ സമയം നീണ്ടു. ഇതു നിയന്ത്രിക്കാൻ 3 യൂണിറ്റ് അഗ്നിരക്ഷാസേന ഏറെ പാടുപെട്ടു. 2.30ഓടെ തീയും പുകയും ഉയരുന്നതു പൂർണമായി ഇല്ലാതാക്കിയ ശേഷമാണ് അഗ്നിരക്ഷാസേന മടങ്ങിയത്. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മേയർ ടി.ഒ.മോഹനൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ചക്കരക്കൽ സിഐ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.

ആവർത്തിക്കുന്ന തീപിടിത്തം 

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ കഴിഞ്ഞ 2 മാസത്തിനിടെ മൂന്നാമത്തെ തവണയാണു തീപിടിത്തം ഉണ്ടാകുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ നിർമിച്ച ജവാഹർലാൽ നെഹ്റു പാർക്കിൽ  സ്ഥാപിച്ച പുൽതകിട് ഉൾപ്പെടെ നേരത്തെ കത്തി നശിച്ചിരുന്നു. ഇത്തരം സന്ദർഭങ്ങളിലെല്ലാം ഇവിടത്തെ അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് മാലിന്യ വിരുദ്ധ കർമസമിതി പ്രസിഡന്റ് ചാലോടൻ രാജീവൻ പറഞ്ഞു.

fire-broke-out-at-eachur-kannur-chelora-trenching-ground2
ചേലോറ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മാലിന്യക്കൂമ്പാരത്തിനു തീ പിടിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന തീയണയ്ക്കുന്നു. മാലിന്യക്കൂമ്പാരത്തിനടിയിലേക്കു വെള്ളമെത്തുന്നതിനു വേണ്ടി മാലിന്യ കൂമ്പാരത്തിൽ കുഴിയുണ്ടാക്കാനെത്തിയ മണ്ണുമാന്തിയന്ത്രവും കാണാം. ചിത്രം: മനോരമ

കോർപറേഷൻ 10 കോടി രൂപ ചെലവിൽ ഇവിടെ നടപ്പാക്കുന്ന മാലിന്യ നിർമാർജന പദ്ധതിയുടെ ഉദ്ഘാടന സമയത്തു വേർതിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം യഥാസമയം ഇവിടെ നിന്നു നീക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു ലോഡ് പ്ലാസ്റ്റിക് മാലിന്യം പോലും ഇവിടെ നിന്നു നീക്കം ചെയ്തിട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു. മഴ ശക്തിപ്പെടുന്നതോടെ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യം ഇവിടെ തള്ളിയ മറ്റു മാലിന്യ കൂമ്പാരത്തിൽ ഒഴുകിയെത്തുന്ന സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവച്ചു. 

തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തം പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവിടെ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം ട്രഞ്ചിങ് ഗ്രൗണ്ടിൽ വേർതിരിച്ചു കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തതിനു ശേഷം മാത്രമേ തുടർന്നും മാലിന്യം വേർതിരിക്കുന്ന ജോലി നടത്താൻ പാടുള്ളൂ എന്നും അല്ലാത്ത പക്ഷം സമര പരിപാടികൾക്കു തുടക്കം കുറിക്കുമെന്നും കർമസമിതി പ്രവർത്തകർ പറഞ്ഞു.

അട്ടിമറി സംശയം: മേയർ 

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ ഉണ്ടായ തീപിടിത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി മേയർ ടി.ഒ.മോഹനൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു മഴ പെയ്തിരുന്നു. അതു കൊണ്ടുതന്നെ കാലാവസ്ഥയുടെ സമ്മർദം മൂലം  തീ പിടിക്കേണ്ട സാഹചര്യമില്ല. ഇതിനാലാണ് അട്ടിമറി സംശയിക്കുന്നത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ചേലോറയിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ട്രഞ്ചിങ് ഗ്രൗണ്ടിലെ തീ പിടിത്തവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഇതു സംബന്ധിച്ചു ബന്ധപ്പെട്ടവർക്കു പരാതി നൽകുമെന്നും മേയർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com