ഇരിട്ടി ∙ പൂർത്തിയാക്കാൻ ഏറെ ചിത്രങ്ങൾ ബാക്കിയാക്കി ഫാ.മനോജ് ഒറ്റപ്ലാക്കൽ യാത്രയായി. വടകരയ്ക്കടുത്തു വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ ദുരന്തത്തിൽ തലശ്ശേരി അതിരൂപതയ്ക്കൊപ്പം കലാകേരളത്തിനും കർഷക സമൂഹത്തിനും കത്തോലിക്കാ സഭയ്ക്കും നഷ്ടമായത് അതുല്യ പ്രതിഭയായ യുവ വൈദികനെ. മണ്ണ് ഛായമാക്കി അപൂർവ ചാരുതയോടെ ചിത്രം വരച്ച ചിത്രകാരൻ, നല്ല ഗായകൻ, ഹൃദ്യമായ സംസാരം കൊണ്ടും നിഷ്കളങ്കമായ ചിരി കൊണ്ടും മനുഷ്യരെ സ്വന്തമാക്കുന്ന കൂട്ടുകാരൻ, ലളിതമായ വാക്കുകൾ കൊണ്ട് അത്ഭുതം കാട്ടുന്ന പ്രാസംഗികൻ, തനതായ അധ്യാപന ശൈലി കൊണ്ടു വിദ്യാർഥികൾക്കു പ്രിയപ്പെട്ടവനായ മലയാളം അധ്യാപകൻ, എഴുത്തുകാരൻ എന്നിങ്ങനെ വിശേഷണങ്ങൾക്ക് അതീതനായ, അതിരൂപതയിലെ യുവ വൈദികരിൽ ഏറെ ശ്രദ്ധേയനായിരുന്നു ഫാ.മനോജ്.

സാൻജോസ് മെട്രോപ്പൊലിറ്റൻ സ്കൂളിനെ മികവോടെ നയിച്ച സാരഥി കൂടിയായ ഫാ.മനോജ് ഒറ്റപ്ലാക്കലാണ് ബിഷപ് വള്ളോപ്പിള്ളി മ്യൂസിയം രൂപകൽപന ചെയ്തു മനോഹരമായി നിർമിച്ചത്. സേവനം ചെയ്ത ഇടവകകളിലെല്ലാം വ്യത്യസ്തവും നൂതനമായ പ്രവർത്തനങ്ങൾ കൊണ്ട് ജനമനസ്സുകളിൽ സ്ഥാനം പിടിച്ചു. എടൂർ എന്ന കുടിയേറ്റ ഗ്രാമത്തിൽ കർഷക പുത്രനായി ജനിച്ച ഫാ. മനോജ് എന്നും കർഷകപക്ഷത്തായിരുന്നു. കർഷക സമര വേദിയിൽ മണ്ണ് ഉപയോഗിച്ച് അദ്ദേഹം വരച്ച ചിത്രങ്ങളുമായി നടത്തിയ പ്രദർശനത്തിന്റെ പേര് ‘മണ്ണിര’ എന്നായിരുന്നു. കൃഷിയിടങ്ങളിലെ കർഷകന്റെ ഉറ്റ ചങ്ങാതി മണ്ണിര ആയതിനാലാണ് പ്രദർശനത്തിന് മണ്ണിര എന്നു പേരിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
അടുത്ത കാലത്തു കണ്ണൂരിൽ കർഷക രോക്ഷം പ്രകടമാക്കിയ ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന്റെ ലോഗോ ഉൾപ്പെടെ തയാറാക്കിയതും മനോജ് അച്ചനായിരുന്നു. പിണറായിപ്പെരുമയിൽ സെൽവൻ മേലൂരിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രകലാ ക്യാംപ് ഉൾപ്പെടെ ഒട്ടേറെ ക്യാംപുകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കേരള ലളിത കലാ അക്കാദമി, കേരള സ്കൂൾ ഓഫ് ആർട്സ് തലശ്ശേരി എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളോടൊപ്പം ചേർന്നിരുന്നു.
വൈദികപട്ടം സ്വീകരിച്ചത് 2011ൽ
2000ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. 2011 ഡിസംബർ 27ന് എടൂർ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ നിന്ന് അന്നത്തെ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോർജ് വലിയമറ്റത്തിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പാണത്തൂർ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യ ജീവിതത്തിന്റെ തുടക്കം.
പുളിങ്ങോം, കുടിയാൻമല, വെള്ളരിക്കുണ്ട്, പേരാവൂർ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായി. 2015 മുതൽ 2019 വരെ ചെട്ടിയാംപറമ്പ് ഇടവക വികാരിയായി പ്രവർത്തിച്ചു. 2019 മുതൽ 2023 മെയ് 14 വരെ തലശ്ശേരി സാൻജോസ് മെട്രോപ്പൊലിറ്റൻ സ്കൂൾ മാനേജരായി സേവനം ചെയ്തു. തലശ്ശേരി മൈനർ സെമിനാരി വൈസ് റെക്ടറായി നിയമനം ലഭിച്ച് 2 ആഴ്ച ആകുമ്പോഴാണു ദുരന്തം.
മുഖ്യമന്ത്രി അനുശോചിച്ചു
ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ആകസ്മിക വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ വിളിച്ച് അനുശോചനം അറിയിച്ചു.
സംസ്കാരം ഇന്ന്
ഇന്നലെ അതിരൂപതാ ആസ്ഥാനത്തെ പൊതുദർശനത്തിനും കത്തീഡ്രൽ പള്ളിയിലെ സംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗത്തിനും ശേഷം എടൂരുള്ള അച്ചന്റെ ഭവനത്തിലെത്തിച്ച മൃതദേഹം ഇന്ന് 10 വരെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. 10.15 മുതൽ 2.30 വരെ എടൂർ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ പൊതുദർശനം.
3ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ സംസ്കാര ശുശ്രൂഷകളുടെ രണ്ടാം ഭാഗം, കുർബാന, തുടർന്ന് സംസ്കാരം.