ചെറുപുഴ∙ രാജഗിരിയിലെ ക്വാറികൾ ജനജീവിതത്തിനു ഭീഷണിയായി മാറി. കുന്നിനു മുകളിലെ മൺകൂനയും തോട്ടിലൂടെ ഒഴുകിയെത്തുന്ന മലിന ജലവുമാണു നാട്ടുകാർക്ക് ഭീഷണിയായി മാറിയത്. രാജഗിരിയിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്നു നീക്കം ചെയ്യുന്ന മണ്ണ് രാജഗിരി- ജോസ്ഗിരി മരാമത്ത് റോഡിനു സമീപം മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്.മലമുകളിൽ നിന്നു ശക്തമായ ജലപ്രവാഹം ഉണ്ടായാൽ മൺകൂന കുത്തിയൊലിച്ചു ജനവാസ കേന്ദ്രങ്ങളിലെത്തും. ഇത് രാജഗിരി ടൗണിനും സമീപത്തെ വീടുകൾക്കും ഉണ്ടാക്കുന്ന ഭീഷണി ചില്ലറയല്ല.
ഇതിനുപുറമെ രാജഗിരി ക്വാറിയുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലെ വെള്ളവും മലിനമാണ്. ക്വാറിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ തോട്ടിലേക്ക് ഒഴുകി എത്തുന്നതാണു വെള്ളം മലിനമാകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ഈ വെള്ളം കുളിക്കാനോ മുഖം കഴുകാനോ ഉപയോഗിച്ചാൽ രൂക്ഷമായ ഗന്ധവും ചൊറിച്ചിലും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.
രാജഗിരി ടൗണിനു സമീപം മരാമത്ത് റോഡരികിൽ യാതൊരു മാനദണ്ഡവും പാലിക്കാതെയാണു വൻതോതിൽ മണ്ണ് തള്ളുന്നത്. ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലും അധികൃതർ തയാറാകാത്തത് ദുരൂഹത ഉയർത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതിനു മുൻപും രാജഗിരി ഭാഗത്തു ഒട്ടേറെ തവണ മലവെള്ളപാച്ചിൽ ഉണ്ടായിട്ടുണ്ട്. അന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറുകയും റോഡുകൾ ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും നിയമ ലംഘനത്തിനു കൂട്ടുനിൽക്കുകയാണു അധികൃതർ ചെയ്യുന്നതെന്നു നാട്ടുകാർ പറയുന്നു. ജനജീവിതത്തിനു ഭീഷണിയായി മാറിയ ക്വാറികൾക്കു എതിരെ രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നതിൽ ജനരോഷം ശക്തമാണ്. ക്വാറി ഉയർത്തുന്ന ഭീഷണിയെ കുറിച്ചു വരും ദിവസങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കാനുള്ള തയാറെടുപ്പിലാണു നാട്ടുകാർ.