ഇരിക്കൂർ ∙ പടിയൂർ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താംകുന്നേൽ ബെന്നി ജോസഫിന്റെ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും 22,000 രൂപയും കവർന്ന സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കൊല്ലം ഏഴുകോൺ എടക്കിടത്തെ എസ്.അഭിരാജ് (31), കാസർകോട് ഹൊസ്ദുർഗ് ശാരദ നഗറിൽ കെ.കിരൺ (29) എന്നിവരെയാണ് ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ: കെ.ദിനേശനും സംഘവും ഇന്നലെ പുലർച്ചെ ധർമശാലയിലെ ലോഡ്ജിൽ വച്ച് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് കവർച്ച നടന്നത്.
രാവിലെ 7ന് വീട്ടുകാർ സമീപത്തെ കല്ലുവയൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. സ്വർണവും പണവും ലോഡ്ജ് മുറിയിൽ നിന്നു കസ്റ്റഡിയിലെടുത്തു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ ബാലകൃഷ്ണൻ, എഎസ്ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്, റഷീദ്, ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ എസ്ഐ അബ്ദുൽ റൗഫ്, സിവിൽ പൊലീസ് ഓഫിസർ ജയദേവൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
24 മണിക്കൂറിൽ പ്രതികളെ പൂട്ടി, പ്രതികൾ സൗഹൃദത്തിലായത് ജയിലിൽവച്ച്
ഇരിക്കൂർ ∙ ഞായറാഴ്ച രാവിലെ കവർച്ച നടന്ന സംഭവത്തിൽ ഇന്നലെ പുലർച്ചെ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് ഇരിക്കൂർ പൊലീസിനു പൊൻതൂവലായി. മോഷണസ്ഥലത്തു തെളിവുകളവശേഷിപ്പിക്കാതെയായിരുന്നു കവർച്ച. വീട്ടിലെ സിസിടിവി ക്യാമറ തകർത്ത് ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു. എന്നാൽ, സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്ന് ഞായറാഴ്ച രാവിലെ 2 പേർ സ്കൂട്ടറിൽ പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു.
ഇതോടെ മേഖലയിലെ അൻപതിലേറെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഒരാൾക്ക് ഒട്ടേറെ ഇരുപതിലേറെ കവർച്ചാകേസുകളിലെ പ്രതിയായ അഭിരാജുമായി സാമ്യമുണ്ടെന്ന് വ്യക്തമായതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇരിട്ടി ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിൽ ചേർന്നു.
കവർച്ചാ സമയം അഭിരാജ് പടിയൂരിലുണ്ടായിരുന്നതായി വ്യക്തമായതോടെ മൊബൈൽ നമ്പർ പിന്തുടർന്ന് ഇരുവരും താമസിച്ചിരുന്ന ധർമശാശാലയിലെ ലോഡ്ജിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഞ്ചാവ് കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് കിരൺ. കണ്ണൂർ സെൻട്രൽ ജയിലിൽ ഒരേ സെല്ലിൽ ഉണ്ടായിരുന്ന ഇരുവരും ഇവിടെ വച്ചാണ് സൗഹൃദത്തിലായത്. അഭിരാജ് ഒരു മാസം മുൻപും കിരൺ 3 ദിവസം മുൻപുമാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്.