ADVERTISEMENT

കണ്ണൂർ ∙ 2 മാസത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകളിൽ ഇനി ആഹ്ലാദാരവം. അറ്റകുറ്റപ്പണി നടത്തിയും മോടികൂട്ടിയും പ്രവേശനോത്സവത്തിനുള്ള ഒരുക്കം സ്കൂളുകളിൽ പൂർത്തിയായി. നാട്ടുകാർ, രക്ഷാകർതൃ സമിതികൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണു സ്കൂളുടെയും പരിസരങ്ങളുടെയും ശുചീകരണം.

സ്കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനു ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചു. സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെയും നിരോധിത പാൻ ഉൽപന്നങ്ങളുടെയും വിൽപന ഇല്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസും എക്സൈസും രംഗത്തുണ്ട്. നാളെയാണ് സ്കൂളുകൾ തുറക്കുന്നത്. 

ഫിറ്റാവണം ഫിറ്റ്നസ്

കെട്ടിടങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ചില സ്കൂളുകളുണ്ട്. ചിലയിടങ്ങളിൽ കെട്ടിടത്തിന്റെ പരിശോധനയ്ക്ക് എൻജിനീയർമാർ കഴിഞ്ഞ ദിവസമാണ് എത്തിയത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂൾ പ്രവർത്തിക്കരുതെന്നാണ് സർക്കാരിന്റെ നിർദേശം. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പു വരുത്താനാണ് മേയ് അവസാനം പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.  

ശുദ്ധജലം വരും; ടാങ്കറുകളിൽ 

ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ വറ്റിയതിനാൽ, ചില സ്കൂളുകളിൽ ശുദ്ധജലം ടാങ്കർ ലോറികളിൽ എത്തിക്കേണ്ട അവസ്ഥയുണ്ട്. കണ്ണൂർ സൗത്ത് ഉപജില്ലയിൽ ഏതാനും സ്കൂളിൽ ആവശ്യത്തിന് വെള്ളമില്ല. തലശ്ശേരി കാവുംഭാഗം സൗത്ത് യുപി സ്കൂളിലും പാറാൽ എൽപി സ്കൂളിലും കിണറ്റിൽ വെള്ളം വറ്റി. മട്ടന്നൂർ മേറ്റടി എൽപി സ്കൂൾ, മണ്ണൂർ എൽപി സ്കൂൾ എന്നിവിടങ്ങളിലും വെള്ളമില്ല. മേറ്റടി സ്കൂളിൽ കിണർ പൂർണമായും വറ്റി. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണു വെള്ളം എത്തിക്കുക.

മലയോരത്ത് കുട്ടികളുടെ കുറവ്

മലയോര പഞ്ചായത്തുകളിൽ മലമുകളിലുള്ള സ്കൂളുകളിൽ കുട്ടികൾ കുറയുന്ന അവസ്ഥയുണ്ട്. വന്യമൃഗശല്യം രൂക്ഷമായതോടെ കുട്ടികൾ നടന്ന് സ്കൂളുകളിലേക്ക് പോകാൻ മടിക്കുന്നു. രക്ഷിതാക്കളും ഭീതിയിലാണ്. തൃപ്രങ്ങോട്ടൂർ നരിക്കോട്ടുമല ഗവ. എൽപി സ്കൂളിൽ കുട്ടികൾ കുറവാണ്. അധ്യയനം ആരംഭിക്കുന്നതോടെ കൂടുതൽ പേർ എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com