കണ്ണൂർ ∙ ജന്മനാ കാലില്ലാത്തവർ, അപകടത്തിൽ കാൽ നഷ്ടപ്പെട്ടവർ... 30 പേരുണ്ടായിരുന്നു അവർ. പരസഹായമോ ഊന്നുവടിയോ ഇല്ലാതെ ഒരടി മുന്നോട്ടു വയ്ക്കാനാവാത്തവർ. ഊന്നുവടി കാലിനു പകരമാക്കിയവർ. എന്നാൽ ഇനി ഊന്നുവടിയോ പരസഹായമോ ഇല്ലാതെ അവർ ‘സ്വന്തം കാലിൽ’ നടക്കും. ജില്ലാ പഞ്ചായത്തും ജില്ലാശുപത്രിയും ചേർന്നു നൽകിയ ആധുനിക കൃത്രിമക്കാൽ ഇവർക്കു താങ്ങാകും.
വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ നിർവഹിച്ചു. ഹെടെക് എന്റോസ്‌കെലിറ്റൻ കാലുകളാണു നൽകിയത്. ജില്ലാശുപത്രി ലിമ്പ് ഫിറ്റിങ് സെന്ററിലാണ് ഇവ നിർമിച്ചത്. പദ്ധതിക്കായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പരിപാലനം ജില്ലാശുപത്രിയിൽ സൗജന്യമായി ചെയ്യും.
കൃത്രിമക്കാൽ ആവശ്യമുള്ളവർക്ക്് ലിമ്പ് ഫിറ്റിങ് സെന്ററിൽ റജിസ്റ്റർ ചെയ്യാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ.രത്നകുമാരി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എം.പ്രീത, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ലേഖ, ഡോക്ടർമാരായ മായ ഗോപാലകൃഷ്ണൻ, കെ.പി.മനോജ്കുമാർ, സി.രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.
ഒറ്റക്കാലിലല്ല ഇനി ‘വിസ്മയ’ച്ചുവടുകൾ
ചുവടുകൾക്കൊത്തു കൃത്രിമക്കാൽ വഴങ്ങാൻ മടിച്ചതോടെയാണ് വിസ്മയ ഒറ്റക്കാലിൽ നൃത്തം തുടങ്ങിയത്. 700 ഓളം വേദികളിൽ ഒറ്റക്കാലിൽ നൃത്തം ചെയ്ത് അവൾ സ്വയം വിസ്മയമായി. അപ്പോഴും ഇരുകാലും വേദിയിൽ ഉറപ്പിക്കാൻ പറ്റിയ വഴക്കമുള്ളൊരു പൊയ്ക്കാലിനായി വിസ്മയ കൊതിച്ചു. ജില്ലാ പഞ്ചായത്തും ജില്ലാശുപത്രിയും ചേർന്ന് ആധുനിക കാൽ നൽകിയതോടെ സ്വപ്നം യാഥാർഥ്യ മായതിന്റെ ആഹ്ലാദത്തിലാണ് ഈ യുവ നർത്തകി.
തളിപ്പറമ്പ് പട്ടുവം സ്വദേശിനിയായ വിസ്മയക്ക് ജന്മനാ വലതു കാലില്ല. നാലാം വയസ്സിൽ കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്യാൻ പോയെങ്കിലും മാറ്റി നിർത്തപ്പെട്ടു. ആ വേദനയോടെ പൊയ്ക്കാലിൽ തുടങ്ങിയ നൃത്തം വേദികൾ കടന്നു വിദേശത്തു വരെയെത്തി.
ചുവടുവയ്ക്കാൻ പ്രയാസമായതോടെ കൃത്രിമക്കാൽ ഉപേക്ഷിച്ച തെന്നും അനായാസം ചലിപ്പിക്കാനാകുന്ന കാൽ ലഭിച്ചതു നൃത്തത്തിന് ഏറെ ഗുണം ചെയ്യുമെന്നും വിസ്മയ പറഞ്ഞു. പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർഥിനിയായ ഈ മിടുക്കി പട്ടുവം സ്വദേശി എം.വി.മനോഹരൻ പി.പി.ദീപ ദമ്പതികളുടെ മകളാണ്.