ADVERTISEMENT

കണ്ണൂർ ∙ നഗരമധ്യത്തിലെ ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) എണ്ണ സംഭരണശാല കണ്ണൂരിന്റെ ഉറക്കംകെടുത്താൻ തുടങ്ങിയിട്ടു വർഷങ്ങളായി. നഗരം ഇത്രയും വികസിക്കുന്നതിനു മുൻപ് 1992 ജനുവരി 22ന് മൂന്നു റെയിൽവേ ജീവനക്കാർ വെന്തുമരിക്കാൻ ഇടയാക്കിയത് ഇവിടേക്ക് എത്തിയ വാഗണിലേക്കു തീ പടർന്നതായിരുന്നു. വാഗണിൽ ചോർച്ചയുണ്ടെന്നു സംശയിച്ച് പരിശോധിക്കാൻ ജീവനക്കാർ എത്തിയപ്പോഴായിരുന്നു അപകടം. അക്കാലത്ത് റെയിൽവേ ട്രാക്ക് പരിസരത്ത് വൈദ്യുതി ദീപങ്ങൾ ഉണ്ടായിരുന്നില്ല. വെളിച്ചക്കുറവ് കാരണം അന്ന് ട്രാക്ക് പരിശോധനയ്ക്ക് നൽകിയിരുന്ന മണ്ണെണ്ണ വിളക്കുമായി വാഗണിനു സമീപം ഉദ്യോഗസ്ഥരിൽ ഒരാൾ എത്തിയതാണ് പൊട്ടിത്തെറിയിലേക്കു നയിച്ചത്.

അന്നു മുതലേ കണ്ണൂർ നഗരത്തിൽ നിന്ന് പെട്രോളിയം സംഭരണശാല മാറ്റണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, ആ ദുരന്തമുണ്ടായി മൂന്നു പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും എണ്ണസംഭരണശാലയ്ക്കു മാറ്റമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് പെട്രോളിയം സംഭരണശാലയുടെ മതിൽക്കെട്ടിനോടു ചേർന്ന് തീ പടർന്നതും ആശങ്കയുയർത്തിയിരുന്നു. പെട്രോളിയം സംഭരണശാല സുരക്ഷാ ഭീഷണി മാത്രമല്ല ഉയർത്തുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനുകൂടിയാണ് അതു തടസ്സമാകുന്നത്. നാല്, അഞ്ച് പ്ലാറ്റ്ഫോമുകൾ നിർമിക്കാൻ 6.45 കോടി രൂപ അനുവദിച്ച് പ്രവൃത്തി ടെൻഡർ ചെയ്തിട്ട് അഞ്ചു വർഷത്തിലേറെയായി.

പ്ലാറ്റ്ഫോം നിർമിക്കേണ്ട ഭാഗത്തെ ബിപിസിഎലിന്റെ പൈപ്പ് ലൈനുകൾ നീക്കാത്തതാണു പ്രവൃത്തി തുടങ്ങാൻ തടസ്സം. ആറാമത്തെ ട്രാക്കിൽ വാഗണുകൾ നിർത്തിയിട്ടാണ് സംഭരണശാലയിലേക്കു പെട്രോൾ ‍മാറ്റുന്നത്. തടസ്സം നീക്കാൻ അന്ന് എംപിയായിരുന്ന പി.കെ.ശ്രീമതി റെയിൽവേ മന്ത്രിയെയും ബോർഡ് ചെയർമാനെയും ബിപിസിഎലിന്റെ ഉന്നത ഉദ്യോഗസ്ഥരെയും കണ്ടിരുന്നു.  തുടർന്ന് ഡിആർഎമ്മും ബിപിസിഎൽ ഉദ്യോഗസ്ഥരും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് കണ്ടങ്കാളിയിൽ പെട്രോളിയം സംഭരണശാല വരുമ്പോൾ മാറ്റാമെന്ന നിലപാടെടുത്ത് ബിപിസിഎൽ പിൻവലിഞ്ഞു. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് കണ്ടങ്കാളി പദ്ധതി ഉപേക്ഷിച്ചതോടെ കണ്ണൂർ നഗരത്തിലെ സംഭരണശാല മാറ്റുന്നതു വീണ്ടും വഴിമുട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com