കണ്ണൂർ ∙ സേവന ഭൗതിക ഗുണനിലവാരം മെച്ചപ്പെടുത്തി എൻഎബിഎച്ച്(നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) അക്രഡിറ്റേഷൻ നേടാൻ തയാറെടുത്ത് ജില്ലയിലെ 44 ആയുഷ് ആശുപത്രികൾ. സാധാരണയായി സ്വകാര്യ ആശുപത്രികളാണു സേവന ഗുണനിലവാരത്തിനുള്ള ക്വാളിറ്റി കൗൺസിലിന്റെ എൻഎബിഎച്ച് സർട്ടിഫിക്കറ്റ് കൈവശമാക്കുന്നത്.
ഇതിനിടെയാണ് സംസ്ഥാന സർക്കാർ തിരഞ്ഞെടുത്ത ജില്ലയിലെ 44 ഉൾപ്പെടെ സംസ്ഥാനത്ത് 540 സർക്കാർ ആയുഷ് ആശുപത്രികൾ ഗുണനിലവാര സർട്ടിഫിക്കറ്റ് നേട്ടം കൈവരിക്കാനൊരുങ്ങുന്നത്. നാഷനൽ ആയുഷ് മിഷന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ആദ്യഘട്ടത്തിൽ, ഓഗസ്റ്റോടെ ജില്ലയിലെ 11 സ്ഥാപനങ്ങളെ ഈ നിലവാരത്തിലെത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആയുർവേദം– ഹോമിയോ എന്നിവ ചേർന്നുള്ളതാണ് ആയുഷ് വകുപ്പ്. ജില്ലയിൽ 28 ആയുർവേദ ഡിസ്പെൻസറികളും 16 ഹോമിയോ ഡിസ്പെൻസറികളുമാണ് എൻഎബിഎച്ച് അക്രഡിറ്റേഷനു തയാറെടുക്കുന്നത്.
അക്രഡിറ്റേഷന്‍ കടമ്പ
ആശുപത്രികളിലെത്തുന്ന രോഗികൾക്കു ഗുണമേന്മയേറിയ സേവനം ഉറപ്പു വരുത്തുന്നതിനാണ് നാഷനൽ ക്വാളിറ്റി കൺട്രോൾ ബോർഡ് എൻഎബിഎച്ച് സർട്ടിഫിക്കേഷൻ കൊണ്ടു വന്നിരിക്കുന്നത്. ആശുപത്രി രോഗി സൗഹൃദമാക്കുന്നതിനായി രോഗികൾക്ക് ഇരിപ്പിടം, ടോക്കൺ സിസ്റ്റം, രോഗികളുടെ സ്വകാര്യത മാനിച്ചു കൊണ്ടുള്ള പരിശോധനാ മുറി, ശുദ്ധജലം, ഭിന്നശേഷിക്കാർക്കു പ്രത്യേക ശൗചാലയം എന്നിവ ഒരുക്കണം. ഫാർമസികൾ നവീകരിക്കുകയും രോഗികൾക്കു മരുന്ന് ഉപയോഗം സംബന്ധിച്ചു ലളിതമായി വിശദീകരിച്ച് കൊടുക്കുകയും വേണം. ആശുപത്രി സേവനം സംബന്ധിച്ചും രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ചുമുള്ള സംവിധാനം, സോളാർ സൗകര്യമോ വൈദ്യുതി ബാക്ക് അപ്പോ എന്നിവ ഒരുക്കണം. എൻഎബിഎച്ച് നിർദ്ദേശിക്കുന്ന നിർദേശങ്ങൾ പാലിച്ച് നൂറിൽ നൂറു മാർക്ക് നേടി വേണം എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിക്കാൻ.
പരിശീലന പരിപാടി നടത്തി
കണ്ണൂർ ∙ ജില്ലയിലെ തിരഞ്ഞെടുത്ത 44 ആയുഷ് സ്ഥാപനങ്ങൾ എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടാനായി മുന്നൊരുക്കത്തിനായി പരിശീലന പരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജോമി ജോസഫ്, ജില്ലാ മെഡിക്കൽ ഓഫിസർ ഹോമിയോ ഡോ.അബ്ദുൽ സലാം, നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.സി.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. ഈ സ്ഥാപനങ്ങൾക്ക് ആവശ്യമായ ലാപ് ടോപ്പുകളുടെയും ആയുർവേദ ആശുപത്രികളിൽ അരുണിമ പദ്ധതിയുടെ ഹീമോ ഗ്ലോബിനോ മീറ്ററിന്റെയും വിതരണവും നടന്നു.
ആയുർവേദ ഡിസ്പെൻസറികൾ
പന്നിയന്നൂർ, പേരളം, അഞ്ചരക്കണ്ടി, പാനൂർ, ശിവപുരം, കണ്ണാടിപ്പറമ്പ്, മയ്യിൽ, മാതമംഗലം, എരഞ്ഞോളി, എരുവേശി, തില്ലങ്കേരി, വേങ്ങാട്, ചെമ്പിലോട്, പൊയിലൂർ, പാടിയോട്ടുചാൽ, കീഴൂർ–ചാവശേരി, പാപ്പിനിശേരി, കീഴല്ലൂർ, കതിരൂർ, ചെങ്ങളായി, ഏഴോം, പട്ടുവം, കാങ്കോൽ, കുറ്റ്യാട്ടൂർ, മുഴപ്പിലങ്ങാട്, മാതമംഗലം, ആറളം–കീഴ്പ്പള്ളി, രാമന്തള്ളി.
ഹോമിയോ ഡിസ്പെൻസറികൾ
തലശ്ശേരി, ചൊക്ലി, കല്യാശേരി, മട്ടന്നൂർ, പള്ളിപ്രം, തയ്യിൽ, വെള്ളോറ, പെരിങ്ങളം, അഞ്ചരക്കണ്ടി, ധർമടം, അടക്കാത്തോട്, മുഴക്കുന്ന്, നായാട്ടുപാറ, ആറളം, മാട്ടൂൽ, മൊകേരി.