ADVERTISEMENT

കണ്ണൂർ ∙ മംഗളൂരുവിനും തലശ്ശേരിക്കും ഇടയിൽ ട്രെയിനിനു നേരെ കല്ലെറിയുന്നതും ട്രാക്കിൽ കല്ലു നിരത്തുന്നതും സുരക്ഷാ ഭീഷണി സൃഷ്ടിക്കാൻ തുടങ്ങിയിട്ടു നാളേറെയായി. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മേയ് 5ന് വൈകിട്ട് വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിനു സമീപം വന്ദേഭാരത് എക്സ്പ്രസിനു കല്ലേറുണ്ടായതാണ് അവസാനത്തെ സംഭവം. പാലക്കാട് ഡിവിഷനിൽ മാത്രം 2022ൽ ട്രെയിനിനു കല്ലെറിഞ്ഞ 32 കേസുകളും 2023ൽ ഇതുവരെ 21 കേസുകളുമാണ് ആർപിഎഫും പൊലീസും എടുത്തത്. കണ്ണൂർ സൗത്ത്, വളപട്ടണം, തൃക്കരിപ്പൂർ, ചന്ദേര, ചേറ്റുകുണ്ട്, ചിത്താരി, കോട്ടിക്കുളം, ഉപ്പള, കുമ്പള, ഉള്ളാൾ ഭാഗങ്ങളിലാണു കൂടുതൽ കേസുകൾ.

കഴിഞ്ഞവർഷം ജൂലൈ 19ന് വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ മീറ്ററുകളോളം നീളത്തിൽ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. കല്ലേറിൽ യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെ. 2022 ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ അഞ്ചു കേസുകളാണ് റെയിൽവേ സുരക്ഷാ സേന എടുത്തത്. ഓഗസ്റ്റ് 20ന് കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പുപാളി വച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നു തന്നെ ചിത്താരിയിൽ ട്രെയിനിനു നേരെ കല്ലേറുമുണ്ടായി. ജൂലൈ 17ന് കുമ്പളയിൽ ട്രാക്കിൽ കല്ലു നിരത്തിയതും കണ്ടെത്തിയിരുന്നു. ഉള്ളാളിൽ ട്രാക്കിൽ വിദ്യാർഥികൾ കല്ലു നിരത്തുമ്പോൾ മുതിർന്ന ചിലർ സമീപത്ത് ഉണ്ടായിരുന്നുവെന്നത് ഞെട്ടിച്ചുവെന്ന് റെയിൽവേ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. ലോക്കോപൈലറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിദ്യാർഥികളാണു സംഭവത്തിൽ പിടിയിലായത്.

2022 ജൂലൈയിൽ കോട്ടിക്കുളം റെയിൽവേ സ്റ്റേഷനു സമീപവും റെയിൽവേ ട്രാക്കിൽ കല്ലുകൾ വച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കാസർകോട് ആർപിഎഫും ബേക്കൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. 2021 ഒക്ടോബറിൽ കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ രാജസ്ഥാൻ സ്വദേശികളായ മൂന്നുപേരെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. യാർഡിൽ ഷണ്ടിങ് നടത്തുന്നതിനിടയിലാണ് ട്രെയിനിനു കല്ലേറുണ്ടായത്. മേയ് 8നു രാത്രി മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനു നേരെ പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപമുണ്ടായ കല്ലേറിൽ യാത്രക്കാരന്റെ കണ്ണിനു താഴെ പരുക്കേറ്റിരുന്നു. ബിഹാർ സ്വദേശിയാണ് അറസ്റ്റിലായത്. പിന്നാലെ കടന്നുവന്ന കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിനു കല്ലെറിയാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com