പഠിച്ചു നല്ലവരാകാം, ജയിച്ചു മുന്നേറാം
Mail This Article
ഇരിട്ടി ∙ ആറളം ഫാം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിറഞ്ഞത് അറിവിന്റെ ആഘോഷവും ആഹ്ലാദവും. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങുകളുടെ സന്തോഷത്തിന് ഇരട്ടി മധുരം പകർന്നത് ഇത്തവണത്തെ എസ്എസ്‍എൽസിയുടെ നൂറു ശതമാന നേട്ടം. വിദ്യാർഥികളുടെ കൈവശമുണ്ടായിരുന്ന ബലൂണുകൾ പറത്തിച്ചും ‘പഠിച്ചു നല്ലവരാകാം, ജയിച്ചു മുന്നേറാം’ എന്ന പാട്ടിന്റെ ഈരടികൾ പഠിപ്പിച്ചും എംപി പ്രവേശനോത്സവം ആരവമാക്കി. വിശിഷ്ടാതിഥിയായി എത്തിയ ഗായിക ഹിതൈഷിണി ബിനീഷിന്റെ പാട്ട് കുട്ടികളെ ആവേശത്തിലാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു.
പ്രവേശനോത്സവം സ്വാഗതഗാനം സിഡി പ്രകാശനം എംപി നടത്തി. എസ്എസ്എൽസി 100 ശതമാനം വിജയത്തിൽ പ്രധാനാധ്യാപകൻ ടി.തിലകനെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ.രത്നകുമാരി, ടി.സരള, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, വാർഡ് അംഗം മിനി ദിനേശൻ, ആർഡിഡി കെ.എച്ച്.സാജൻ, ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ, ഡിപിസി ഇ.സി.വിനോദ്, ഡിഡി വി.എ.ശശീന്ദ്രവ്യാസ്, തലശ്ശേരി ഡിഇഒ എൻ.എ.ചന്ദ്രിക, ഇരിട്ടി എഇഒ കെ.എ.ബാബുരാജ്, ഇരിട്ടി ബിപിസി ടി.എം.തുളസീധരൻ, ടിആർഡിഎം ഫാം സൈറ്റ് മാനേജർ കെ.വി.അനൂപ്, പ്രിൻസിപ്പൽ സുനിൽ കാരിയാടൻ, പിടിഎ പ്രസിഡന്റ് എം.സി.വിജയൻ എന്നിവർ പ്രസംഗിച്ചു.
വേദന മറന്നു, സൈക്കിളോടിച്ച യദു താരമായി
പയ്യന്നൂർ ∙ ഏറെ കൊതിച്ചു കിട്ടിയ സൈക്കിളോടിക്കാൻ യദുവിന് ഒറ്റക്കൈ തന്നെ ധാരാളം. പ്ലാസ്റ്ററിട്ട കയ്യുമായി സൈക്കിളോടിച്ചപ്പോൾ ഇന്നലെ ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ താരമായത് അഞ്ചാം ക്ലാസ് വിദ്യാർഥിയായ യദുകൃഷ്ണൻ. സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് റീ സൈക്കിൾ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി 100 സൈക്കിളുകൾ വിതരണം ചെയ്തിരുന്നു. അതിലൊരു സൈക്കിൾ ലഭിച്ചതു യദുവിനാണ്. വേനലവധിക്കാലത്തെ കളിക്കിടയിൽ വീണു യദുവിന്റെ ഇടതുകയ്യുടെ എല്ലു പൊട്ടിയിരുന്നു. കയ്യിൽ പ്ലാസ്റ്ററിട്ടാണു സ്കൂളിൽ എത്തിയത്. സൈക്കിൾ കിട്ടിയവർ സ്പീക്കർ എ.എൻ.ഷംസീർ ഫ്ലാഗ് ഓഫ് ചെയ്യുമ്പോൾ സൈക്കിളോടിച്ചു സ്കൂളിനു മുന്നിലെത്തണമെന്ന അനൗൺസ്മെന്റ് കേട്ടതോടെ വേദന മറന്നു പ്ലാസ്റ്ററിട്ട കയ്യുമായി യദുകൃഷ്ണനും ആവേശത്തോടെ സൈക്കിൾ ഓടിച്ചു. നിറഞ്ഞ കയ്യടികളോടെയാണു യദുവിനെ സ്പീക്കറും കൂട്ടുകാരും അധ്യാപകരും അനുമോദിച്ചത്.
ഒന്നാം ക്ലാസിലേക്ക് മൂവർ സംഘം
മട്ടന്നൂർ ∙ ഒരുമിച്ചു പിറന്ന മൂന്നു കൂടപ്പിറപ്പുകൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ. മരുതായി രജിതാലയത്തിൽ പി.പി.ഷിബു-പി.പി.രമ്യ ദമ്പതികളുടെ മക്കളായ ആർച്ച, അമേലിയ, അമിയ എന്നിവരാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2017 ഏപ്രിൽ 23നാണ് രമ്യ 3 പെൺകുട്ടികൾക്കു ജന്മം നൽകിയത്. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ എഴാം തരത്തിൽ പഠിക്കുന്ന നേത്ര സഹോദരിയാണ്.
വഴിയില്ല, ദുരവസ്ഥ കാണാൻ അധികൃതരും
റോഡ് നിർമാണത്തിൽ അധികൃതർ കാണിച്ച അനാസ്ഥയ്ക്ക് ഇരയായതു വിദ്യാർഥികൾ. പുറത്തീൽ ന്യൂ മാപ്പിള യുപി സ്കൂളിലെ വിദ്യാർഥികൾക്കാണു പ്രവേശനോത്സവ ദിവസം തന്നെ ചെളിയിൽ ചവിട്ടി സ്കൂളിലെത്തേണ്ട അവസ്ഥയുണ്ടായത്. ഒന്നര വർഷം മുമ്പാണു തീരദേശ പദ്ധതിയിൽ ഉൾപ്പെടുത്തി, എംഎൽഎ ഫണ്ട് ഉപയോഗിച്ചു പുറത്തീൽ പള്ളി റോഡ് നിർമാണം ആരംഭിച്ചത്. നിലവിൽ നിർമാണം പാതിവഴിയിലാണ്. സ്കൂൾ തുറക്കുമ്പോഴേക്കും സ്കൂൾ പരിസരത്തെ റോഡെങ്കിലും ഉപയോഗയോഗ്യമാക്കണമെന്ന് അധ്യാപകരും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. പ്രതിഷേധം ശക്തമായതോടെ റോഡിൽ ഇന്നലെ ക്വാറി മാലിന്യം തള്ളി. എന്നാൽ ഇതു കൂടുതൽ പ്രയാസമാണു വിദ്യാർഥികൾക്കുണ്ടാക്കിയത്. മഴ കൂടി പെയ്തതിനാൽ റോഡ് മുഴുവൻ ചെളിയായിരുന്നെന്നും ഏറെ ബുദ്ധിമുട്ടിയാണു സ്കൂളിലേക്കെത്തുന്നതെന്നും വിദ്യാർഥികളും അധ്യാപകരും ആരോപിച്ചു.