‘ഓവറാണ് പിഴ’; ഓപ്പറേഷൻ ഓവർലോഡിനെതിരെയുള്ള സമരം ശക്തമാക്കി ഡ്രൈവർമാർ
Mail This Article
ഇരിട്ടി ∙ ‘ഓപ്പറേഷൻ ഓവർലോഡ്’ എന്ന പേരിൽ മോട്ടർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതിനും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുമെതിരെ 25 മുതൽ നടത്തുന്ന സമരം ശക്തമാക്കി കണ്ണൂർ ജില്ലാ ടിംബർ ഡ്രൈവേഴ്സ് അസോസിയേഷൻ. കേരള – കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ ഇതരസംസ്ഥാനത്തു നിന്ന് മരം കയറ്റി വന്ന ലോറികൾ സമരക്കാർ തടഞ്ഞിട്ടു. സമരം തീരാതെ പിടിച്ചിട്ട ലോറികൾ ലോറികൾ വിട്ടയയ്ക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ഇരിട്ടി സിഐ കെ.ജെ.വിനോയിയുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും ലോറികൾ വിട്ടയയ്ക്കാൻ ധാരണയായില്ല. ജില്ലയിൽ മരം ലോഡ് എടുക്കുന്ന ആയിരത്തോളം ലോറി ജീവനക്കാരാണ് 25ന് അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിച്ചത്. കണ്ണൂർ ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒ എന്നിവരെ കണ്ട് നിവേദനം നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. തുടർന്ന് ഈ മാസം 1 മുതൽ സമരം സംസ്ഥാന വ്യാപകമാക്കി.
ഇതിന്റെ ഭാഗമായാണ് അന്നു രാത്രി മുതൽ കർണാടക വഴി മരം കയറ്റി വരുന്ന ലോറികളും തടഞ്ഞത്. ജില്ലാ പ്രസിഡന്റ് ടി.ഗോപിനാഥൻ, സെക്രട്ടറി ഷംസുദ്ദീൻ ഉളിക്കൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് തിരുവനന്തപൂരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി സമരക്കാർ ചർച്ച നടത്തും. ടിംബർ മർച്ചന്റ്സ് അസോസിയേഷന്റെയും പ്ലൈവുഡ് ഓണേഴ്സ് അസോസിയേഷന്റെയും പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
പിഴ പല മടങ്ങായി
മരം കയറ്റിപ്പോകുന്ന ലോറികൾ പിടികൂടി ‘അമിത ഭാരം’ കണ്ടെത്തി നടത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ ഓവർലോഡ്. മുൻപ് 2000 – 5000 രൂപ പരമാവധി പിഴ നൽകിയിരുന്നിടത്തു ഇപ്പോൾ പിഴ 25,000 – 35,000 രൂപ പിഴ നൽകണം. ലൈസൻസ് 3 – 6 മാസം സസ്പെൻഡ് ചെയ്യും.
പിഴ അടയ്ക്കേണ്ടി വരുന്ന പണം അധിക ലോഡ് വിറ്റാൽ കിട്ടുന്നതിലും കൂടുതലാണന്നു ഡ്രൈവർമാർ പറയുന്നു. ഇത്രയും പിഴ നൽകി ഈ മേഖല മുന്നോട്ടു കൊണ്ടുപോകാനാകില്ല. ലൈസൻസ് റദ്ദ് ചെയ്യുന്നതിനാൽ ഡ്രൈവർമാരുടെ കുടുംബം പട്ടിണിയിലാകുന്ന സ്ഥിതിയും ഉണ്ട്.