ട്രെയിൻ തീവയ്പ്: പ്രതി തലശ്ശേരിയിലെത്തിയത് മൂന്നു ദിവസം മുൻപ്; കത്തിച്ച കോച്ചിന് സമീപം മദ്യക്കുപ്പികൾ
Mail This Article
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു തീയിട്ട കേസിലെ പ്രതി തലശ്ശേരിയിൽ എത്തിയത് മൂന്നു ദിവസം മുൻപാണെന്നു പൊലീസ്. വിവിധ ജോലികൾ ചെയ്തു ജീവിച്ചിരുന്ന ബംഗാൾ സ്വദേശി പ്രസോൻജിത്ത് സിക്ദർ (40) രണ്ടു വർഷമായി ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. മുൻപ് ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന ഇയാൾ പിന്നീട് മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ജോലി ചെയ്തിരുന്നു. പിന്നീട് അലഞ്ഞു നടന്ന് പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിൽക്കാൻ തുടങ്ങി. രണ്ടു വർഷമായി ഇതും ചെയ്യുന്നില്ലെന്നും ഭിക്ഷാടനത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് സിക്ദർ ജീവിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
3 ദിവസം മുൻപാണ് ഇയാൾ തലശ്ശേരിയിൽ എത്തിയത്. എന്നാൽ ഭിക്ഷാടനത്തിനിടെ പണമൊന്നും കിട്ടാതായതോടെ നിരാശയിലും മാനസിക സമ്മർദത്തിലുമായിരുന്നു. വ്യാഴാഴ്ച തലശ്ശേരിയിൽ നിന്ന് നടന്നാണ് കണ്ണൂരിലേക്ക് വന്നത്. കണ്ണൂരിൽ നിന്നു പണമൊന്നും കിട്ടാതായതോടെ കടുത്ത നിരാശയിൽ രാത്രി റെയിൽവേ സ്റ്റേഷനിലെ യാർഡിലേക്ക് നടന്ന് അവിടെ നിർത്തിയിട്ടിരുന്ന എക്സിക്യുട്ടീവ് എക്സ്പ്രസിൽ കയറുകയായിരുന്നു. ബീഡി വലിക്കുന്നത് ശീലമാക്കിയ ഇയാളുടെ കയ്യിൽ എപ്പോഴും തീപ്പെട്ടി ഉണ്ടാകും.
അത് ഉപയോഗിച്ചാണ് കോച്ചിനുള്ളിൽ തീയിട്ടത്. ബിപിസിഎലിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം, സുരക്ഷാ ജീവനക്കാരന്റെ മൊഴി തുടങ്ങിയവ അടിസ്ഥാനമാക്കി ഇയാളെ അന്നു തന്നെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. സിറ്റി സിഐ ബിജു പ്രകാശ് കൊൽക്കത്തയിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പേരുവിവരങ്ങൾ സ്ഥിരീകരിച്ചത്. ഫെബ്രുവരി 13ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായ തീപിടിത്തവുമായി ഇയാൾക്കു ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടില്ല.
ഇതിനു മുൻപ് എറണാകുളത്ത് വന്നതായി ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞിട്ടുണ്ട്. ഇയാൾ പറയുന്ന കാര്യങ്ങളിൽ വ്യക്തത തേടി വിശദമായ തുടരന്വേഷണം നടത്തുമെന്ന് ഐജി നീരജ് കുമാർ ഗുപ്ത പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ കണ്ണൂർ എസിപി ടി.കെ.രത്നകുമാർ, ഇൻസ്പെക്ടർമാരായ പി.എ.ബിനു മോഹൻ, ശ്രീജിത്ത് കോടേരി, ബിജു പ്രകാശ്, ടി.പി.സുമേഷ് എന്നിവരാണുള്ളത്.
കത്തിച്ച കോച്ചിന് സമീപം മദ്യക്കുപ്പികൾ, സാമൂഹിക വിരുദ്ധർ താവളമാക്കി റെയിൽവേ സ്റ്റേഷൻ പരിസരം
കണ്ണൂർ ∙ കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ കോച്ചിന് തീയിട്ട യാർഡും പരിസരവും മദ്യപരുടെ വിഹാരകേന്ദ്രം. കണ്ണൂരിൽ ആവശ്യത്തിന് ആർപിഎഫ് ഉദ്യോഗസ്ഥരുണ്ടെന്നും സുരക്ഷാ പ്രശ്നങ്ങളില്ലെന്നും ഇന്നലെ സ്റ്റേഷനിലെത്തിയ ആർപിഎഫ് ഡിഐജി സന്തോഷ് എൻ.ചന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആർപിഎഫ് സംഘം കത്തിക്കരിഞ്ഞ കോച്ചിൽ കയറി പരിശോധന നടക്കുമ്പോൾത്തന്നെ എട്ടാമത്തെ ട്രാക്കിനും ഏഴാമത്തെ ട്രാക്കിനും ഇടയിലുള്ള ഭാഗത്ത് മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
പല ദിവസങ്ങളിലായി മദ്യപർ ഉപേക്ഷിച്ച കുപ്പികളാണെന്ന് ഇവയുടെ പഴക്കം ശ്രദ്ധിച്ചാൽ മനസ്സിലാകും. രണ്ടോ മൂന്നോ ദിവസം മുൻപ് ഉപയോഗിച്ചതെന്നു തോന്നുന്ന കുപ്പികളും ഇക്കൂട്ടത്തിലുണ്ട്. ഈ ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കിലും കാടുകയറിയതിനാൽ ഒളിഞ്ഞിരിക്കാൻ സൗകര്യമേറെയുണ്ട്. താവക്കര വെയർഹൗസിന്റെ ഭാഗത്തു നിന്നും കിഴക്കേ കവാടത്തിനു സമീപത്തുകൂടിയും റെയിൽവേ മുത്തപ്പൻ പരിസരത്തു നിന്നു ട്രാക്കുകൾ മുറിച്ചുകടന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതെ നടന്ന് ഇവിടേക്ക് എത്താം.
മേയ് 29, 30 തീയതികളിലായി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. ഈ ഭാഗത്തൊന്നും സിസി ടിവി ക്യാമറകൾ ഇല്ലാത്തതും സാമൂഹിക വിരുദ്ധർക്ക് ധൈര്യമേകുന്നു. പാർക്കിങ് ഭാഗത്ത് ക്യാമറ സ്ഥാപിക്കണമെന്ന് റെയിൽവേ തന്നെ നിർദേശിച്ചിട്ടുണ്ടെങ്കിലും കിഴക്കേ കവാടത്തിൽ മാത്രമേ നിലവിൽ ക്യാമറയുള്ളൂ.