ADVERTISEMENT

ശ്രീകണ്ഠപുരം ∙ ഐച്ചേരി – അലക്സ് നഗർ റോഡിൽ ഓട്ടോകൾ പൂർണമായി ഓട്ടം നിർത്തി. 3 ദിവസമായി ഓട്ടോകൾ ഒന്നും ഓടുന്നില്ല. ഇവിടെ ബസ് ഓട്ടവും ഇല്ല. ദുരിതം കാരണം നാട്ടുകാർ വലയുകയാണ്. സ്കൂൾ തുറന്ന സമയമായതിനാൽ വിദ്യാർഥികളും ദുരിതത്തിലാണ്. ശ്രീകണ്ഠപുരം നഗരസഭയിലാണ് ഈ റോഡ്. അടുത്ത കാലം വരെ റോഡിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി നാട്ടിലെ എൽഡിഎഫും യുഡിഎഫും തമ്മിൽ തർക്കത്തിലായിരുന്നു. റോഡ് നഗരസഭയുടേതാണെന്ന് എൽഡിഎഫും പിഡബ്ല്യുഡിയുടേതാണെന്ന് യുഡിഎഫും അവകാശവാദം ഉന്നയിച്ചു കൊണ്ടിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസിന്റെ റിങ് റോഡ് പരിപാടിയിൽ ഈ റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് പരാതി പറയാൻ ചെരിക്കോട് സ്വദേശിയായ യുവാവ് വിളിച്ചിരുന്നു. വിളിച്ചപ്പോൾ ഇതു പിഡബ്ല്യുഡിയുടെ റോഡല്ല നഗരസഭയുടേതാണ് എന്ന മറുപടിയാണു ലഭിച്ചത്. എൽഡിഎഫ് പ്രവർത്തകർ ഇതു നാട്ടിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.അലക്സ് നഗർ പാലത്തിനും ഈ റോഡിനും കൂടി ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കിയാണു നിർമാണം തുടങ്ങിയത്. 

കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോയതാണ് പ്രശ്നമായത്. പിന്നീട് കരാറുകാരനെ മാറ്റി പാലത്തിനു മാത്രമായി പിഡബ്ല്യുഡി വേറെ എസ്റ്റിമേറ്റ് തയാറാക്കി. ഇപ്പോൾ പാലം നിർമാണം അവസാന ഘട്ടത്തിലാണുള്ളത്. വർഷങ്ങളായി ഉടമസ്ഥാവകാശം ആർക്ക് എന്നറിയാത്തതിനാൽ അറ്റകുറ്റപ്പണി പോലും നടത്തുന്നില്ല. കാഞ്ഞിലേരി, അലക്സ് നഗർ, ചെരിക്കോട് ഭാഗത്ത് നിന്നു കൂട്ടുമുഖം ആശുപത്രിയിലേക്ക് പോകേണ്ടവരെല്ലാം വലിയ ദുരിതത്തിലാണിപ്പോൾ.

ഡിവൈഎഫ്ഐ കാവുമ്പായി മേഖലാ കമ്മിറ്റി

‘‘റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം നഗരസഭയാണ്. നഗരസഭയ്ക്കു മുന്നിൽ ശക്തമായ സമരപരിപാടികൾക്ക് ഡിവൈെഫ്ഐ തുടക്കം കുറിക്കും. പിഡബ്ല്യുഡിയുടെ റോഡല്ല എന്ന് മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് നഗരസഭ മറുപടി പറയണം. നഗരസഭയുടെ വാഹനം തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്.’’

ത്രേസ്യാമ്മ മാത്യു, വാർഡ് കൗൺസിലർ

‘‘2019ൽ ഈ റോഡ് നഗരസഭ പിഡബ്ല്യുഡിക്കു വിട്ടു കൊടുത്തതാണ്. പിഡബ്ല്യുഡിയുടെ റോഡുകളുടേയും പാലങ്ങളുടേയും വിഭാഗത്തിന്റെ കൈവശമാണ് ഈ റോഡ് എന്നാണ് അടുത്ത കാലം വരെയുള്ള വിവരം. ഇവർ റോഡിന് 4.5 കോടിയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. 15 ലക്ഷം രൂപ താൽക്കാലിക അറ്റകുറ്റപ്പണിക്ക് അനുവദിക്കാമെന്ന് ചീഫ് എൻജിനിയർ അശോക് കുമാർ ഉറപ്പും നൽകിയിരുന്നു. പിഡബ്ല്യുഡിയും റോഡും തമ്മിൽ ഒരു ബന്ധവുമില്ലെങ്കിൽ ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നു വ്യക്തമാക്കണം. നാട്ടുകാർ വലിയ ദുരിതമാണ് ഇപ്പോൾ അനുഭവിക്കുന്നത്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com