നെടുംപൊയിൽ∙ കൊമ്മേരിയിൽ വച്ച് ബൈക്ക് യാത്രക്കാരനെ കാട്ടുപോത്ത് ആക്രമിച്ച സംഭവം അറിഞ്ഞിട്ടില്ല എന്ന് വനം വകുപ്പ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട പരുക്കേറ്റ് ചികിത്സ തേടിയ വിമുക്ത സൈനികനെ വനം വകുപ്പ് തിരിഞ്ഞു നോക്കാതിരുന്നത് പ്രതിഷേധം ഉയർത്തുന്നു. നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും കൃഷികൾക്കും ഭീഷണിയായി വിലസുന്ന കാട്ടുപോത്തുകളെ വേട്ടയാടാനും നടപടി വേണം എന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ സമരത്തിന് തയാറെടുക്കുകയാണ്. വിമുക്ത ഭടനും പേരാവൂർ ടൗണിലെ വ്യാപാരിയുമായ മണത്തണ സ്വദേശി സി.രാമചന്ദ്രനെ മേയ് 25 ന് രാത്രിയാണ് കാട്ടുപോത്ത് ആക്രമിച്ചത്. രാമചന്ദ്രനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാത്രി എട്ടരയോടെ നെടുംപൊയിൽ തലശ്ശേരി റോഡിൽ കൊമ്മേരിയിലെ സർക്കാർ ആട് ഫാമിന് സമീപത്ത് വച്ചാണ് രാമചന്ദ്രനെ കാട്ടുപോത്ത് ആക്രമിച്ചത്.
കൂത്തുപറമ്പിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു രാമചന്ദ്രനെ റോഡിന്റെ ഒരു ഭാഗത്തെ ഇരുട്ടിൽ നിന്ന് വേഗത്തിൽ കയറി വന്ന കാട്ടുപോത്ത് ഇടിച്ചു വീഴിച്ച് എതിർ ഭാഗത്തേക്ക് പോയി. ബൈക്കിൽ നിന്ന് തെറിച്ചു വീണ രാമചന്ദ്രനെ പിന്നാലെ എത്തിയ കാർ യാത്രക്കാരാണ് എഴുന്നേൽപ്പിച്ച് ആശുപത്രിയിലേക്ക് അയച്ചത്. ഗുരുതരമായ മുറിവുകൾ ഉണ്ടായില്ല എങ്കിലും വീഴ്ചയെ തുടർന്ന് ശാരീരികമായി അസ്വസ്ഥതകൾ ഉണ്ടായി. പൊലീസ് അന്വേഷിച്ചെങ്കിലും വനം വകുപ്പ് യാതൊരു വിധ അന്വേഷണവും നടത്തിയില്ല. വനം വകുപ്പിന്റെ സഹായം ആവശ്യമുള്ള പക്ഷം ഔദ്യോഗിക വെബ് സൈറ്റിൽ അപേക്ഷ നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു കണ്ണവം റേഞ്ച് ഓഫിസറുടെ വിശദീകരണം.
മാത്രമല്ല കാട്ടുപോത്ത് വന്നത് ഏത് വന വിഭാഗത്തിൽ നിന്നാണ് എന്നറിയാതെ നടപടി സാധ്യമല്ല. കൊമ്മേരി ഭാഗത്ത് റോഡിന്റെ ഒരു വശത്ത് കണ്ണവം റേഞ്ചും മറു ഭാഗത്ത് കൊട്ടിയൂർ റേഞ്ചും ആയതിനാൽ അപകട സ്ഥലം ഏത് റേഞ്ചിന് കീഴിൽ ആണെന്ന് കണ്ടു പിടിക്കേണ്ടതുണ്ട് എന്നും റേഞ്ച് ഓഫിസർ പറഞ്ഞു. എന്നാൽ അപകടം സംബന്ധിച്ച് യാതൊരു വിധ വിവരവും ലഭിച്ചിട്ടില്ല എന്നാണ് കൊട്ടിയൂർ റേഞ്ച് ഓഫിസർ നൽകിയ വിശദീകരണം. അതിർത്തി സംബന്ധിച്ച കാര്യത്തിലും കൊട്ടിയൂർ റേഞ്ചിനും തർക്കമുണ്ട്.
കാട്ടുപോത്ത് ഭീഷണിക്ക് 3 വർഷം
ഈ മേഖലയിൽ കാട്ടുപോത്തുകൾ ഭീഷണിയായി മാറിയിട്ട് മൂന്ന് വർഷത്തിൽ അധികമായെന്നും രണ്ട് വർഷം മുൻപ് കൊമ്മേരിയിൽ വയോധികൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ഉണ്ടായിട്ട് പോലും അവ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് തടയാനുള്ള നടപടി ഉണ്ടാകുന്നില്ല എന്നും കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ് പറഞ്ഞു. കണ്ണവം വനം മേഖലയിൽ ഉൾപ്പെടുന്ന കൊമ്മേരി, പെരുവ, കോളയാട് മേഖലകളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടുപോത്തുകൾ ഒറ്റയ്ക്കും കൂട്ടമായും എത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായിരുന്നു. റോഡരികിൽ തമ്പടിക്കുന്ന കാട്ടുപോത്തുകൾ യാത്രക്കാർക്കും ഭീഷണിയാണ്. മുൻപ് ഒറ്റയ്ക്ക് എത്തിയിരുന്ന കാട്ടുപോത്തുകളാണ് പ്രദേശത്ത് ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ കാട്ടുപോത്തുകളുടെ കൂട്ടം തന്നെയാണ് ഈ മേഖലയിൽ ഉളളത്. കാട്ടുപോത്തുകളുടെ വംശ വർധന ഭാവിയിൽ വലിയ ഭീഷണിയാകും എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.