ചെറുപുഴ∙ ചെറുപുഴ -പയ്യന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ പണിമുടക്കിനെ യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയെങ്കിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ യാത്രാസൗകര്യമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടി. പയ്യന്നൂരിൽ നിന്നു വിരലിൽ എണ്ണാൻ സാധിക്കുന്ന കെഎസ്ആർടിസി ബസുകൾ മാത്രമാണു മലയോരത്തേയ്ക്കു സർവീസ് നടത്തുന്നത്.
രാജഗിരി -ചെറുപുഴ -പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. എന്നാൽ മർദിച്ചുവെന്നു പറയുന്ന ആളുകളെ അറസ്റ്റ് ചെയ്തിട്ടും ബസ് തൊഴിലാളികൾ പണിമുടക്കിയത് പ്രതിഷേധത്തിനു ഇടയാക്കി. ഇന്നലെ ഉച്ചയോടെ പണിമുടക്ക് പിൻവലിച്ചെങ്കിലും ഒട്ടുമിക്ക ബസുകളും സർവീസ് നടത്തിയില്ല.