കാഞ്ഞിലേരി∙ കരേറ്റ – മാലൂർ റോഡ് വികസനം പുരോഗമിക്കുന്നു. ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായി. കോന്നേരി പാലം പുനർ നിർമാണം നടക്കുന്നു. താഴ്ചയുള്ള തോട്ടിൽ നിന്ന് വളരെ ഉയരത്തിൽ കെട്ടിപ്പൊക്കിയാണ് പാലവും റോഡും പുനർ നിർമിക്കുന്നത്.പാലത്തിന്റെ വാർപ്പ് പൂർത്തിയായാൽ റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കും.
24 കോടി രൂപ ചെലവിലുള്ള റോഡ് വികസനം കരേറ്റ മുതൽ താളിക്കാട് വരെ 5.5 കിലോമീറ്റർ ടാറിങ് കഴിഞ്ഞു. 1950ൽ നാട്ടുകാർ നിർമിച്ച മൺപാത 1977ൽ മരാമത്ത് വകുപ്പിന്റെ കീഴിൽ മലയോര റോഡ് വികസനത്തിൽ ഉൾപ്പെടുത്തി 3 മീറ്റർ വീതിയുള്ള റോഡായി വികസിപ്പിച്ചു. കോന്നേരി പാലവും 30 കലുങ്കുകളും നിർമിച്ചു. ഇപ്പോൾ 8 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ആവശ്യമുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് ഓവുചാലുകൾ നിർമിക്കുന്നുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്.