ശ്രീകണ്ഠപുരം∙ ഇരിക്കൂർ ഉപജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ശുദ്ധജലം ഇല്ല. മഴ ലഭിക്കാത്തതിനാൽ ഉച്ചക്കഞ്ഞി പാകം ചെയ്യാനും പാത്രം കഴുകാനും വെള്ളം എത്തിക്കുന്നത് തലച്ചുമടായാണ്.
കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകളിൽ വണ്ടിയിൽ വെള്ളം കൊണ്ടു വരികയാണ്. റോഡിനോട് ചേർന്ന വിദ്യാലയങ്ങളിൽ പഞ്ചായത്ത് ഇടപെട്ട് വെള്ളം നൽകുന്നുണ്ട്.
ഉൾപ്രദേശങ്ങളിൽ സ്ഥിതി വളരെ കഷ്ടമാണ്. പരിമിതമായ വെള്ളം ഉള്ള കിണറുകളിലെ വെള്ളം എടുത്ത് കുട്ടികൾക്ക് കഞ്ഞിവച്ചു കൊടുക്കാൻ കഴിയില്ല.
മഴ വൈകിയാൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുക മാത്രമാണ് വഴി. ഭൂരിഭാഗം സ്കൂളുകൾക്കും സ്വന്തമായി കിണർ ഉണ്ട്. മുൻ വർഷങ്ങളിൽ നല്ല വേനൽ മഴ ലഭിക്കാറുണ്ട്.
ഇക്കുറി മിക്ക സ്ഥലത്തും ലഭിച്ചത് ഒന്നോ, രണ്ടോ മഴയാണ്. ജൂൺ 1ന് സ്കൂൾ തുറന്നാലെങ്കിലും മഴ ലഭിക്കും എന്ന പ്രതീക്ഷയും തെറ്റിയതോടെ വലിയ ദുരിതത്തിലാണ് വിദ്യാലയങ്ങൾ.
കഞ്ഞിവയ്ക്കാനുള്ള വെള്ളത്തിനു പുറമേ ശുചിമുറികളിലും വെള്ളം വേണം. ചില സ്കൂളുകളിൽ രാവിലെ കുട്ടികൾ എത്തുന്നതിനു മുൻപേ പുറത്തുനിന്ന് വെള്ളം കൊണ്ടുവന്ന് ടാങ്കുകളിൽ നിറക്കുകയാണ് ചെയ്യുന്നത്.
ഇതിനുള്ള ഫണ്ട് സർക്കാരിൽ നിന്ന് ലഭിക്കില്ല. പ്രധാനാധ്യാപകർ കൈയിൽ നിന്ന് പണം എടുത്താണ് വാഹനങ്ങൾ ഏർപ്പാടാക്കി വെള്ളം എത്തിക്കുന്നത്.