കണ്ണൂർ∙ നഗരവും പരിസരപ്രദേശങ്ങളും സാമൂഹികവിരുദ്ധരുടെ താവളമായെന്നും കൊലപാതകങ്ങളും തീവയ്പും അക്രമവും നിത്യസംഭവങ്ങളായെന്നും യുഡിഎഫ് ജില്ലാ നേതൃയോഗം. പൊലീസ് നിഷ്ക്രിയമാണ്. കുറ്റവാളികളുടെ സ്വന്തം നാടായി കണ്ണൂർ മാറി. മാഫിയകൾക്കു ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി 3 കൊലപാതകങ്ങളാണു നടന്നത്. മാധ്യമപ്രവർത്തകൻ ഷാജി ദാമോദരന്റെ മരണവും കൊലപാതകമാണെന്ന സംശയമുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീവച്ചിട്ട് അധികനാളായിട്ടില്ല. അക്രമത്തെ ലഘൂകരിച്ചു കാണുന്ന പൊലീസ് നഗരത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടു, ജില്ലാ ഭരണാധികാരികൾ അടിയന്തരമായി ഇടപെടണം. – യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
യുഡിഎഫ് അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 20 ന് നിയോജകമണ്ഡലങ്ങളിൽ അഴിമതി വിരുദ്ധ ജനകീയ സദസ്സ് നടത്താൻ തീരുമാനിച്ചു. 15ന് മുൻപ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റികളും 17ന് മുൻപ് പഞ്ചായത്ത് - മേഖല മുനിസിപ്പൽ - യുഡിഎഫ് കമ്മിറ്റികളും വിളിച്ചു ചേർക്കും. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ അബ്ദുൽ കരീം ചേലേരി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സി.എ.അജീർ, മഹമൂദ് കടവത്തൂർ, കെ.എ.ലത്തീഫ്, എസ്.മുഹമ്മദ്, അൻസാരി തില്ലങ്കേരി, സി.കെ.മുഹമ്മദ്, സജീവ് മാറോളി, കെ.സുനിൽകുമാർ, സി.കെ.സഹജൻ, വി.പി.സുഭാഷ്, ജോൺസൺ പി.തോമസ്, വി.സുരേന്ദ്രൻ, സി.ടി.സജിത്ത്, എസ്.കെ.പി.സക്കരിയ, എസ്.എ.ഷുക്കൂർ, ഇ.പി.ഷംസുദ്ദീൻ, സി.സമീർ, റോജസ് സെബാസ്റ്റ്യൻ, കെ.വി.കൃഷ്ണൻ, രത്നാകരൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു.
ബഹിഷ്കരിച്ച് എ ഗ്രൂപ്പ്
ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിലെ പ്രതിഷേധം പ്രകടമാക്കി യുഡിഎഫ് യോഗം ബഹിഷ്കരിച്ച എ ഗ്രൂപ്പ്, ഇന്നലെ നഗരത്തിൽ യോഗം ചേർന്നു. ഇന്നു നടക്കുന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെയും മുൻ പ്രസിഡന്റുമാരുടെയും യോഗം ബഹിഷ്കരിക്കാനും യോഗം തീരുമാനിച്ചു.150ൽ പരം പേർ യോഗത്തിൽ പങ്കെടുത്തതായി ഗ്രൂപ്പ് നേതാക്കൾ അവകാശപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ, സംസ്ഥാന തലത്തിൽ തന്നെ പുനഃസംഘടനയ്ക്കെതിരെ ഉയരുന്ന വികാരത്തിനൊപ്പം നിൽക്കാനാണു യോഗത്തിന്റെ തീരുമാനം. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കെപിസിസി അംഗങ്ങളായ ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.