ADVERTISEMENT

കണ്ണൂർ ∙ ജില്ലയുടെ തീരമേഖലയിലാകെ തെങ്ങുകളെ ഗുരുതരമായി ബാധിച്ച തെങ്ങോലപ്പുഴു ശല്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മഴ കനക്കുന്നതോടെ കുറയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കണ്ണൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി പതിനായിരക്കണക്കിനു തെങ്ങുകളാണ് ഓല കരിഞ്ഞു നിൽക്കുന്നത്.കനത്ത ഉൽപാദന നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. നഗരപരിസരത്ത് കസാനക്കോട്ട, മുഴത്തടം, തായത്തെരു, താണ, താവക്കര, ചിറക്കൽ, പള്ളിക്കുന്ന്, മുണ്ടേരി, കക്കാട്, അലവിൽ, പുഴാതി ഭാഗങ്ങളിലാണു തെങ്ങോലപ്പുഴു ആക്രമണം രൂക്ഷമായുള്ളത്. 

മിത്രകീടങ്ങൾഫലിച്ചില്ല

മിത്രകീടങ്ങളെ ഇറക്കി കൃഷി വകുപ്പ് പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കാസർകോട്ടെ സിപിസിആർഐയിലെ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനിൽ നിന്നും കോഴിക്കോട്ടെ സ്റ്റേഷനിൽ നിന്നുമാണ് മിത്രകീടങ്ങളെ എത്തിച്ചിരുന്നത്. മൂന്നോ നാലോ ടെസ്റ്റ് ട്യൂബുകളിൽ മണിക്കൂറുകൾ നീണ്ട യാത്രയ്ക്കു ശേഷം എത്തിക്കുന്ന ഇവയ്ക്ക് ഒരു പ്രദേശത്തെ ആയിരക്കണക്കിനു തെങ്ങുകളെ ബാധിച്ച പുഴുക്കളെ തുരത്താനുള്ള ശേഷിയുണ്ടാവാറില്ല. ജില്ലയിൽ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടുമില്ല. കോർപറേഷൻ സംവിധാനം ഒരുക്കുമെന്ന തരത്തിൽ ചർച്ചകൾ നടന്നെങ്കിലും അതും മുന്നോട്ടുപോയില്ല.  മിത്ര കീടങ്ങളെ തെങ്ങിൽ നിക്ഷേപിക്കുന്നതിനൊപ്പം പുഴുക്കളുടെ ആക്രമണത്തിൽ ഉണങ്ങിപ്പോയ തെങ്ങോലകൾ വെട്ടി തീയിടുകയും വേണം. അല്ലെങ്കിൽ ഓലകളിൽ ശേഷിക്കുന്ന ഇവയുടെ ലാർവകൾ പുഴുക്കളായി മാറി വീണ്ടും തെങ്ങുകളെ ആക്രമിക്കും. 

പ്രതിരോധത്തിന് മിശ്രിതവും

വേപ്പെണ്ണയും വെളുത്തുള്ളി സോപ്പ് മിശ്രിതവും (രക്ഷാ സോപ്പ്) വെള്ളത്തിൽ കലക്കി ഓലകളുടെ അടിയിൽ തളിച്ചും പുഴുവിനെ പ്രതിരോധിക്കാം. മണ്ണ് പരിശോധന നടത്തി പോഷകങ്ങൾ നൽകി തെങ്ങുകളുടെ ആരോഗ്യപരിപാലനം ശ്രദ്ധിച്ചാൽ കീടബാധ കുറയ്ക്കാൻ സാധിക്കും. മഴ കനക്കുന്നതോടെ പുഴുക്കളുടെ ആക്രമണം കുറയുമെങ്കിലും മഴ മാറുന്നതോെട ഇപ്പോഴത്തേതിനേക്കാൾ കനക്കാനാണ് സാധ്യത. പുഴുശല്യമുള്ള പ്രദേശത്താകെ പഴുതടച്ച പ്രതിരോധം തീർത്താലേ പുഴുശല്യം പൂർണമായും മാറുകയുള്ളൂ. കൂട്ടായ ശ്രമമുണ്ടെങ്കിലേ ഇക്കാര്യം ഫലപ്രദമായി നടപ്പാക്കാൻ സാധിക്കൂ എന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com