പയ്യന്നൂർ ∙ നവ മാധ്യമങ്ങളിൽ കണ്ട കണ്ടൽകാടുകളുടെ ദൃശ്യഭംഗി ആസ്വദിക്കാൻ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കവ്വായി കായലിലെത്തി. കവ്വായി പുഴയിൽ കണ്ടൽ കാടുകൾ നടന്നു കാണുന്ന വിഡിയോ കണ്ടത് മുതൽ മുനവ്വറലിയുടെ വലിയ ആഗ്രഹമായിരുന്നു ഈ ദൃശ്യം നേരിൽ കാണണമെന്നത്. പയ്യന്നൂരിൽ ഒരു പരിപാടിക്ക് എത്തിയ മുനവ്വറലി തന്റെ ആഗ്രഹം സഹ പ്രവർത്തകരെ അറിയിച്ചു.
കവ്വായി കാലിക്കടപ്പുറത്ത് നിന്ന് പ്രത്യേക ബോട്ടിൽ സഹപ്രവർത്തകർക്കൊപ്പം പുഴയിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന കണ്ടൽ കാടുകൾക്ക് സമീപമെത്തി. പുഴയിലാണ് കണ്ടൽ കാടുകൾ ഉള്ളതെങ്കിലും ഇവിടെ വെള്ളം കുറവായതിനാൽ നടന്നു കാണാനുള്ള സൗകര്യമുണ്ട്. കണ്ടൽ കാടുകളും ദേശാടന പക്ഷികളുമുള്ള ഈ പുഴയിൽ അവയെല്ലാം നിരീക്ഷിച്ച് അര മണിക്കൂറിലധികം ചെലവഴിച്ചാണ് മടങ്ങിയത്. വിഡിയോകളിൽ കണ്ടതിനേക്കൾ ഭംഗിയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഫായിസ് കവ്വായി, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീർ ഇഖ്ബാൽ, കെഎംസിസി ഖത്തർ സെക്രട്ടറി പി.സി.സിദ്ദിഖ്, പി.പി.അബ്ദുല്ല, ശംസുദ്ധീൻ കാരോളം എന്നിവർ ഒപ്പമുണ്ടായിരുന്നു.