നാടൊന്നായെത്തി; അലയടിച്ച് പ്രതിഷേധം, രോഷം, സങ്കടം

Mail This Article
ചാല ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ ജാൻവിയയെ പ്രവേശിച്ച ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുട്ടിയുടെ ചികിത്സാ വിവരം തിരക്കി മുഴപ്പിലങ്ങാട് മേഖലയ്ക്കു പുറത്തു നിന്നും ആളുകളെത്തി. ജനങ്ങളുടെ ഭാഗത്തു നിന്നു പ്രതിഷേധങ്ങൾ ഉണ്ടാകാമെന്ന നിഗമനത്തിൽ എടക്കാട് പൊലീസ് സംഘവും ആശുപത്രി മുറ്റത്തു നിലയുറപ്പിച്ചിരുന്നു. ജാൻവിയയുടെ കുടുംബാംഗങ്ങളെ മാത്രമാണ് ആശുപത്രിക്കുള്ളിലേക്കു പ്രവേശിപ്പിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത എന്നിവർ എത്തുമ്പോഴും സ്ഥലത്ത് പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. തലയ്ക്കും മുഖത്തും കൈകളിലും കാലുകളിലും പരുക്കുണ്ടെന്നും കുട്ടി അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചതോടെ ജാൻവിയുടെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പം ആശുപത്രി പരിസരത്തു തടിച്ചു കൂടിയ പ്രദേശവാസികൾക്കും ആശ്വാസമായി. അപകടനില തരണം ചെയ്തെങ്കിലും തുടർ ചികിത്സകൾക്കു വേണ്ടി കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി നിരീക്ഷണം നടത്തുമെന്നു ഡോക്ടർമാർ അറിയിച്ചു.