പുതുതലമുറയുടെ മനം കവരാൻ ഖാദി; ഓണം മേളയ്ക്കു തുടക്കം

Mail This Article
കണ്ണൂർ ∙ ഖാദി ഗ്രാമവ്യവസായ ബോർഡും പയ്യന്നൂർ ഖാദി കേന്ദ്രവും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്നു സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്കു തുടക്കം. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ കൂടി ആകർഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളുമായാണ് ഖാദി ബോർഡ് ഇത്തവണ ഓണത്തെ വരവേൽക്കുന്നത്. കുർത്തികൾ, റെഡിമെയ്ഡ് ഉടുപ്പുകൾ, കാന്താ സിൽക്ക് സാരി, പയ്യന്നൂർ സുന്ദരി പട്ട്, ശ്രീകൃഷ്ണപുരം പട്ട്, കോട്ടൺ സാരികൾ, മസ്‌ലിൻ ഷർട്ട്, ജുബ്ബകൾ, മസ്‌ലിൻ ഡബിൾ മുണ്ട്, കാവിമുണ്ട്, കുപ്പടം ദോത്തികൾ, തോർത്ത്, മനില തുണിത്തരങ്ങൾ തുടങ്ങിയ വസ്ത്രശേഖരങ്ങളും ഗ്രാമീണ വ്യവസായ ഉൽപന്നങ്ങളായ ചൂരൽ ഫർണിച്ചർ, തേൻ, ആയുർവേദ ഉൽപന്നങ്ങൾ, ലെതർ ബാഗുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും സർക്കാർ-അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പൺ ലഭിക്കും. ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്‌കൂട്ടർ എന്നിവയാണ് സമ്മാനങ്ങൾ. മൂന്നാം സമ്മാനമായി എല്ലാ ജില്ലകളിലും ഒരാൾക്ക് വീതം ഒരു പവൻ സ്വർണ നാണയം ലഭിക്കും. മേള 28ന് മേള അവസാനിക്കും. നറുക്കെടുപ്പ് ഒക്ടോബർ 5ന്.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. പിഎംഇജിപി പവലിയൻ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ആദ്യവിൽപന നടത്തി. മുന്നാക്ക സമുദായ കോർപറേഷൻ ഡയറക്ടർ കെ.സി.സോമൻ നമ്പ്യാർ ആദ്യവിൽപന ഏറ്റുവാങ്ങി. കലക്ടർ എസ്.ചന്ദ്രശേഖർ സമ്മാന കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു.
കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ഇ.കെ.പത്മനാഭൻ, ഖാദി ബോർഡ് ഡയറക്ടർ കെ.വി.ഗിരീഷ് കുമാർ, പയ്യന്നൂർ ഖാദി സെന്റർ ഡയറക്ടർ കെ.വി.രാജേഷ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസ് പ്രോജക്ട് ഓഫിസർ കെ.ജിഷ, പയ്യന്നൂർ ഫർക്ക പ്രസിഡന്റ് ഇ.കെ.ബാലൻ, കണ്ണൂർ സർവോദയ സംഘം സെക്രട്ടറി പി.പ്രസാദ്, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എൻ.സുരേന്ദ്രൻ, കെ.വി.മഹേഷ്, റോയ് ജോസഫ്, ടി.ഒ.വിനോദ്കുമാർ, കെ.പി.ഗിരീഷ് കുമാർ, കെ.വി.നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.