ADVERTISEMENT

കണ്ണൂർ∙ അവസാനം ഓണക്കിറ്റ് എത്തിയപ്പോൾ ഇ–പോസ് മെഷീൻ പണി മുടക്കി. ഇന്നലെ വൈകിട്ട് 5ന് തുടങ്ങിയ സെർവർ തകരാർ കാരണം ജില്ലയിൽ എഎവൈ (മഞ്ഞ) കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം തുടങ്ങാനായില്ല. മറ്റ് റേഷൻ സാധനങ്ങളുടെ വിതരണവും മുടങ്ങി. വൈകിട്ടാണ് മിക്കയിടങ്ങളിലും ഓണക്കിറ്റുകൾ എത്തിയത്. തിരുവോണത്തിനു മുൻപ് തന്നെ ഓണക്കിറ്റ് കൊടുത്ത് തീർക്കേണ്ടതിനാൽ ഇന്നും നാളെയും ഇടവേളകളില്ലാതെ കിറ്റ് വിതരണം നടത്താൻ റേഷൻ വ്യാപാരികളോട് നിർദേശിച്ചിരിക്കുകയാണ് പൊതുവിതരണ വകുപ്പ്.

വൈകിട്ട് 7ന് റേഷൻ കടകൾ പൂട്ടുന്നതിന് 10 പത്ത് മിനിറ്റ് മുൻപേ ചില സ്ഥലങ്ങളിൽ സെർവർ പ്രവർത്തിച്ചെങ്കിലും ഉപഭോക്താക്കൾ റേഷൻ കടകളിൽ നിന്ന് മടങ്ങിയിരുന്നു. ഓണക്കിറ്റ് ഇത്തവണ മഞ്ഞ കാർഡിന് മാത്രമാണ് വിതരണം ചെയ്യുന്നത്. ജില്ലയിൽ 36,445 മഞ്ഞ കാർഡുകളാണുള്ളത്. ഓണക്കിറ്റുകളിൽ 75 ശതമാനവും റേഷൻ കടകളിൽ എത്തിച്ചതായി അധികൃതർ പറഞ്ഞു. ഓണം പ്രമാണിച്ച് അവധി ദിനങ്ങളായ ഇന്നും നാളെയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.

സെർവർ, ചതിക്കല്ലേ...

റേഷൻ കടകളിൽ കൂടുതൽ പേർ ഒന്നിച്ചെത്തുമ്പോഴാണ് സർവർ തകരാർ  സംഭവിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. അവധി ദിവസങ്ങളായതിനാലും മഞ്ഞ കാർഡിനുള്ള ഓണക്കിറ്റ് എത്തിയതിനാലും ഇന്നും നാളെയും റേഷൻ കടകളിൽ തിരക്കേറുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഇ–പോസിന്റെ അവസ്ഥ കണ്ടുതന്നെ അറിയേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു.

വ്യാപാരികൾക്ക് പ്രതിഷേധം

മുൻ വർഷങ്ങളിൽ ഓണക്കിറ്റ് വിതരണം നടത്തിയതിന്റെ കമ്മിഷൻ വകയിലുള്ള തുക കുടിശികയാണ്. പല തവണ നിവേദനങ്ങളും പരാതികളും നൽകിയിട്ടും ഫലമുണ്ടായില്ല. ഇന്നും നാളെയും ഇടവേളകളില്ലാതെ കിറ്റ് വിതരണം നടത്തണം. എന്നിട്ടും തങ്ങളെ അവഗണിക്കുന്ന സർക്കാർ നയത്തിൽ റേഷൻ വ്യാപാരി മേഖല പ്രതിഷേധത്തിലാണ്.

മേളയിൽ മതിയോ സമൃദ്ധി

സപ്ലൈകോ ഓണം മേളകളിൽ വിൽപന പൊടിപൊടിക്കുമ്പോൾ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ അടക്കമുള്ള മറ്റ് ഔട്‌ലെറ്റുകളിൽ അരി, ചെറുപയർ, പഞ്ചസാര, മല്ലി ഒഴിച്ചുള്ള സബ്സിഡി സാധനങ്ങൾ ഇല്ലാത്ത അവസ്ഥ തുടരുന്നു. സപ്ലൈകോ ഓണം മേളകളിൽ നിലവിൽ കടല ഒഴിച്ച് ബാക്കി സബ്സിഡി സാധനങ്ങൾ എല്ലാമുണ്ട്. ഇതുകൊണ്ട് തന്നെ ഓണം മേളകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. മറ്റ് ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതും മേളയുടെ ആകർഷണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com