ADVERTISEMENT

കണ്ണൂർ ∙ അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തും പാർട്ടിയിൽ ചർച്ചയാകുമ്പോഴെല്ലാം സിപിഎം പ്രവർത്തകർ അതിവൈകാരികതയോടെ ഓർക്കുന്ന പേരാണ് മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേത്. ഇളയമകൻ സുഭാഷിനു സിപിഎം പാർട്ടിപ്പത്രത്തിൽ ചെറിയൊരു ജോലി നൽകിയപ്പോൾ തന്റെ പേരിൽ കിട്ടിയ ജോലിക്കു പോകേണ്ടതില്ലെന്നു നിർദേശിച്ച ചടയനെ, നിലപാടുകളിൽ പാർട്ടി വെള്ളം ചേർക്കുന്നതായി തോന്നുമ്പോഴെല്ലാം അണികൾ സ്മരിക്കും. 

പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും പുത്തൻ കാറുകളെന്നു കേൾക്കുമ്പോൾ, സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ പോലും കണ്ണൂരിൽ നിന്നു സ്വന്തം നാടായ കമ്പിലേക്കു ബസിൽ യാത്ര ചെയ്തിരുന്ന ചടയൻ മനസ്സിലെത്തും. തൊഴിലാളിവർഗ നേതാവ് എങ്ങനെയായിരിക്കണമെന്നു ചോദിച്ചാൽ അണികൾ നിസ്സംശയം ചൂണ്ടിക്കാട്ടുന്ന പേരുകളിൽ ആദ്യസ്ഥാനത്തു വരും ചടയന്റേത്. ആർഭാടങ്ങളെ അകലെ നിർത്തി ആദർശത്തോടൊപ്പം ഉറച്ചുനിന്ന നേതാവ്. അച്ചടക്കവും ലളിതജീവിതവും എങ്ങനെയെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ചടയൻ ഗോവിന്ദന്റെ വേർപാടിന്റെ 25–ാം വാർഷികദിനമാണിന്ന്. 1929 മേയ് 12ന് ജനിച്ച അദ്ദേഹം 1998 സെപ്റ്റംബർ 9ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ചു. 

ദാരിദ്ര്യവും കഷ്ടപ്പാടും ഇരുട്ടു തുന്നിക്കൂട്ടിയ കുട്ടിക്കാലമായിരുന്നു ചടയന്റേത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ പോലും കഴിയുംമുൻപ് കുടുംബം പോറ്റാൻ നെയ്ത്തിനു പോകേണ്ടിവന്നു. നെയ്ത്തിൽ അഭ്യസിച്ച കരവിരുത് രാഷ്ട്രീയ നിലപാടുകളിലെ ഇഴയടുപ്പം മുറുക്കുന്നതിലും ചടയൻ പ്രകടിപ്പിച്ചു. പാർട്ടിയിലെ വലിയൊരു ‘ഒത്തൊരുമിപ്പുകാരൻ’ എന്നാണ് പി.ഗോവിന്ദപ്പിള്ള ചടയനെ വിശേഷിപ്പിച്ചത്. പ്രതിസന്ധികളിൽ നിശ്ചയദാർഢ്യത്തോടെ പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പതിഞ്ഞ സംസാരവും ഉറച്ച തീരുമാനവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. പാർട്ടിയെക്കുറിച്ചു മാത്രം പറയുകയും തന്നെക്കുറിച്ചു മൗനം പാലിക്കുകയും ചെയ്തു. 

1977ൽ അഴീക്കോട് മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1979 മുതൽ 86 വരെ കണ്ണൂർ ജില്ലാ സെക്രട്ടറി. സിപിഎമ്മിൽ ഉൾപ്പോരുകളും സംഘർഷങ്ങളും രൂക്ഷമായ 1989–90 ഘട്ടത്തിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയും വഹിച്ചു.1996 മേയിൽ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയ ചടയൻ, അർബുദത്തോടു പോരാടി മരിക്കുംവരെ പാർട്ടിയെ നയിച്ചു. 1985 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. ജീവിച്ചിരുന്നെങ്കിൽ 16–ാം പാർട്ടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോയിൽ എത്തേണ്ടിയിരുന്ന നേതാവെന്ന നിലയിലും  ചടയൻ വിലയിരുത്തപ്പെട്ടിട്ടുണ്ട്. കണ്ണൂർ കമ്പിലെ കൊച്ചുവീട്ടിൽ ചടയൻ ഗോവിന്ദന്റെ ഓർമകളുമായി ഭാര്യ ദേവകിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com