കയ്യിൽ വടി തിരുകി കയറ്റി വികൃതമാക്കി, പയ്യന്നൂരിൽ ഗാന്ധി പ്രതിമയോട് അനാദരവ്!
Mail This Article
പയ്യന്നൂർ∙ ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടി. പ്രതിമയുടെ കയ്യിൽ വടി തിരുകി കയറ്റി വികൃതമാക്കിയാണ് അനാദരവ് കാട്ടിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഗാന്ധി പാർക്കിൽ നേരത്തെ ഉണ്ടായിരുന്ന ഗാന്ധി പ്രതിമയ്ക്ക് കേട് പാട് സംഭവിച്ചതിനാൽ 2008ലാണ് നഗരസഭ പുതിയ പ്രതിമ നിർമിച്ച് സ്ഥാപിച്ചത്.
ശിൽപി ഉണ്ണി കാനായിയാണ് ശിൽപം നിർമിച്ചത്. ശിൽപം ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനവുമായി ബന്ധപ്പെടുത്തിയാണ് ശിൽപി രൂപപ്പെടുത്തിയത്. 1934ൽ പയ്യന്നൂരിൽ വന്ന ഗാന്ധിജിയെ നേരിൽ കണ്ട സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചായിരുന്നു ശിൽപ നിർമാണം.
അതനുസരിച്ച് നടന്നു നീങ്ങുന്ന ഗാന്ധിജിയുടെ പൂർണകായ പ്രതിമയിൽ ഗാന്ധിജിയുടെ ഒരു കയ്യിൽ പുസ്തകം മാത്രമാണ് ഉണ്ടായിരുന്നത്. അരയിൽ തിരുകി വച്ച വാച്ചിൽ ഗാന്ധിജി പയ്യന്നൂരിൽ പ്രസംഗിച്ച സമയം 4 മണി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിമയിലാണ് ഒരു കയ്യിൽ ഏതോ സമൂഹിക വിരുദ്ധർ വടിക്കഷണം തിരുകി കയറ്റിയത്. ഇത് ശ്രദ്ധയിൽ പെട്ട പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ കൂക്കാനം വിഷയം നഗരസഭ അധ്യക്ഷയുടെ ശ്രദ്ധപ്പെടുത്തുകയും അധ്യക്ഷ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വടി നീക്കം ചെയ്തു.