ADVERTISEMENT

മട്ടന്നൂർ∙ നഗരസഭയിൽ മൂന്നിടങ്ങളിൽ വെൽനെസ് സെന്ററുകൾ ആരംഭിക്കുന്നു. ധനകാര്യ കമ്മിഷന്റെ അവാർഡ് തുക ഉപയോഗിച്ചാണ് കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിൽ വെൽനെസ് സെന്ററുകൾ നിർമിച്ചത്. ആദ്യത്തെ അർബൻ ഹെൽത്ത് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം കല്ലൂരിൽ നാളെ ഉച്ചയ്ക്ക് 3ന് കെ.കെ.ശൈലജ എംഎൽഎ നിർവഹിക്കും. ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒപി ചികിത്സയും മരുന്നുകളും സൗജന്യമായിരിക്കും. ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 7 വരെയാണ് പരിശോധന സമയം.

ഡോക്ടർ ഉൾപ്പെടെ 5 ജീവനക്കാരുടെ സേവനം ആരോഗ്യ കേന്ദ്രങ്ങളിലുണ്ടാകും. ഇ-സഞ്ജീവനി ടെലിമെഡിസിൻ കൺസൽറ്റേഷൻ സേവനവും ലഭ്യമാക്കും.ഓരോ ആരോഗ്യ കേന്ദ്രത്തിനും 75 ലക്ഷം രൂപ വീതമാണ് ധനകാര്യ കമ്മിഷൻ ഗ്രാന്റ് അനുവദിച്ചത്. നഗരസഭാ ആരോഗ്യ സ്ഥിരം സമിതിയാണ് പദ്ധതിയുടെ മേൽനോട്ടവും നിർവഹണവും നടത്തുക. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നു.

നാഷനൽ ഹെൽത്ത് മിഷന്റെ മാർഗ രേഖ അനുസരിച്ചാണ് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവും ജീവനക്കാരെ നിയോഗിക്കലും മറ്റും നടത്തുക. ഉരുവച്ചാൽ, വെമ്പടി ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഈ മാസം തന്നെ നടത്തുമെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, സംഘാടക സമിതി ചെയർമാൻ സി.വി.ശശീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുഗതൻ, കെ.മജീദ്, പി.ശ്രീനാഥ്, പി.അനിത, പി.പ്രസീന, കൗൺസിലർ പി.രാഘവൻ എന്നിവർ അറിയിച്ചു.

ലഭിക്കുന്ന സേവനങ്ങൾ

∙ ദേശീയ ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ സാംക്രമിക രോഗങ്ങൾക്കെതിരെ പ്രതിരോധം

∙ചെറിയ അസുഖങ്ങൾക്ക് ഒപി ചികിത്സ

∙ജീവിത ശൈലീ രോഗ നിയന്ത്രണവും കാൻസർ നിയന്ത്രണവും

∙ബാല്യ, കൗമാര ആരോഗ്യ പരിപാലനം

∙ചെറിയ പരുക്കുകൾ, മൃഗങ്ങളുടെ കടി, വിഷബാധ എന്നിവയ്ക്ക് ചികിത്സ

∙കൂടുതൽ ചികിത്സയ്ക്കുള്ള റഫറൽ മാനേജ്മെന്റ് സുഗമമാക്കൽ

∙ടിഡി വാക്സിനേഷൻ

∙ആരോഗ്യ രംഗത്തെ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാനുള്ള അവബോധം നൽകൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com