കണ്ണൂർ∙മൊഞ്ചുള്ളോരെ നാടിനെ മൊഞ്ചോടെ കാക്കാനും പയ്യാമ്പൽത്തെ കാറ്റ് മൂക്കുപൊത്താതെ ആസ്വദിക്കാനും കൈകോർത്ത് നാട്. ഇന്ത്യൻ സ്വച്ഛതാ ലീഗ് – ശുചിത്വ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കണ്ണൂർ കോർപറേഷൻ സംഘടിപ്പിച്ച പരിപാടികൾ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. രാവിലെ പയ്യാമ്പലം കടലോരം ശുചീകരിക്കുകയും ബീച്ചിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്തു.
ഗായികയും കോർപറേഷൻ സ്വച്ഛത ലീഗ് ബ്രാൻഡ് അംബാസിഡറുമായ സയനോര ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ഡപ്യൂട്ടി മേയർ കെ.ഷബീന, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ എം.പി.രാജേഷ്, കൗൺസിലർമാരായ കെ.പി.റാഷിദ്, കെ.പി.അബ്ദുൽ റസാഖ്, ബിജോയ് തയ്യിൽ, പി.വി.ജയസൂര്യൻ, അഷറഫ് ചിറ്റുള്ളി, ശ്രീജ ആരംഭൻ, കെ.പി.അനിത, ക്ലീൻ സിറ്റി മാനേജർ പി.പി.ബൈജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുഷ്ക, അനീഷ്കുമാർ, പ്രമോദ് എന്നിവർ പ്രസംഗിച്ചു.
മാലിന്യ സംസ്കരണം വിഷയമാക്കി വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ഭാഗ്യശ്രീ രാജേഷ്, ടി.ശ്രീധിൽ, നവരംഗ് ദിലീപ്, പി.വിശാൽ, വി.മൻമേഘ, ജെ.ധ്യായന എന്നിവർ ജേതാക്കളായി. വൈകിട്ട് കാനന്നൂർ സൈക്ലിങ് ക്ലബ്ബിന്റെ സഹകരണത്തോടെ സൈക്കിൾ റാലിയും സംഘടിപ്പിച്ചു. ഭാരവാഹികളായ രാജേഷ് കുമാരൻ, ലക്ഷ്മികാന്ത്, പി.ദിനിൽ തുടങ്ങിയവർ നേതൃത്വം നൽകി.