ADVERTISEMENT

കണ്ണൂർ ∙ 5 മാസം കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നു പ്രഖ്യാപിക്കപ്പെട്ട ഭൂമി ഡിജിറ്റൽ റീസർവേ ജില്ലയിലെ 5 വില്ലേജുകളിൽ ഇനിയും തുടങ്ങാനായില്ല.കഴിഞ്ഞ മാർച്ചിൽ ഒന്നാം ഘട്ടം പൂർത്തിയാകേണ്ടതായിരുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്നിനായിരുന്നു ഉപഗ്രഹ സഹായത്തോടെയുള്ള സർവേയുടെ ഒന്നാം ഘട്ടത്തിനു തുടക്കമിട്ടിരുന്നത്. വർഷം ഒന്നാകാറായിട്ടും 9 വില്ലേജുകളിൽ മാത്രമാണു സർവേ നടത്താനായത്. ആദ്യഘട്ടത്തിൽ 14 വില്ലേജുകളിൽ സർവേ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്.സർവേയ്ക്കുള്ള പ്രത്യേക സോഫ്റ്റ്‌വെയർ വഴിയുള്ള കംപ്യൂട്ടർവൽക്കരണം പൂർത്തിയാകാത്തതും ജീവനക്കാരുടെ കുറവുമാണു സർവേ നടപടി വൈകാൻ ഇടയാക്കുന്നത്. 

സർവേ പൂർത്തിയാക്കാൻ

ബാക്കിയുള്ളത്– ആറളം, ചാവശ്ശേരി, വിളമന, എളയാവൂർ, കണ്ണൂർ(1)

സർവേ പൂർത്തിയായത്–തലശ്ശേരി, കണിച്ചാർ, കരിക്കോട്ടക്കരി, കണ്ണൂർ(2), പള്ളിക്കുന്ന്, പുഴാതി, വളപട്ടണം, അഴീക്കോട് സൗത്ത്, കോട്ടയം. 

രണ്ടാം ഘട്ടം ഇവിടങ്ങളിൽ– എടക്കാട്, അഴീക്കോട് നോർത്ത്, ചിറക്കൽ, പാപ്പിനിശേരി, കല്യാശേരി, വലിയന്നൂർ, ധർമടം, കീഴല്ലൂർ, എരഞ്ഞോളി, കേളകം, കീഴൂർ, ചുഴലി, തളിപ്പറമ്പ്, പെരളം. 

ഉദ്യോഗസ്ഥർ ഈ വിധം

സർവേ നടത്തിപ്പിനായി 328 ഉദ്യോഗസ്ഥരെയാണു ജില്ലയിൽ നിയോഗിച്ചിരുന്നത്. 180 പേർ സർവേ സഹായികളാണ്. 48 പേരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനെയെടുത്തു. സ്ഥിരം ജീവനക്കാരുടെ സ്ഥലംമാറ്റവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വന്നവരിൽ ചിലർ ജോലി ഒഴിവാക്കി പോയതും തിരിച്ചടിയായി. നിലവിൽ 60  ജീവനക്കാരുടെ കുറവുണ്ട് ഡിജിറ്റൽ റീ സർവേ നടപടിക്ക്.

ഡിജിറ്റൽ സർവേ നേട്ടങ്ങൾ 

ഭൂമി സംബന്ധമായ വിവരങ്ങൾ കൃത്യതയോടെയും സുതാര്യമായും ഉറപ്പു വരുത്താനാകും. റവന്യു– റജിസ്ട്രേഷൻ– സർവേ വകുപ്പുകളിലെ സേവനം ഒരുമിച്ചു ലഭ്യമാകും. ഭൂമി വിവരങ്ങൾ എളുപ്പത്തിൽ സാധ്യമാകും. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയും. ഒരാവശ്യത്തിനായി പല ഓഫിസുകൾ കയറേണ്ട സ്ഥിതി ഒഴിവാകും. വസ്തുക്കളുടെ പോക്കുവരവ് വേഗത്തിലാക്കും. ഡോക്യുമെന്റേഷൻ ജോലികൾ വേഗത്തിലാകും. ഭൂമി സംബന്ധിച്ച പരാതികൾ പരിഹരിക്കപ്പെടും. ഭൂഅതിർത്തി നിർണയം സുതാര്യമാകും.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ  'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണു പദ്ധതി. സംസ്ഥാനത്തു റീസർവേ നടപടികൾ 1966ൽ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികൾ കാരണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ‘എന്റെ ഭൂമി’ പദ്ധതി ആവിഷ്‌കരിച്ചത്. ആകെ 858.42 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യ ഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ നിന്നാണ് അനുവദിച്ചത്. 

സർവേക്കുള്ള പ്രത്യേക സോഫ്റ്റ്‌വെയർ വഴിയുള്ള കംപ്യൂട്ടർവൽകരണം 90% പൂർത്തിയായിട്ടുണ്ട്. സർവേ ജീവനക്കാരുടെ കുറവ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. നവംബറോടെ ബാക്കിയുള്ള 5 പഞ്ചായത്തുകളിലും സർവേ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com