ചെറുപുഴ∙ നാടിനെ ഭീതിയിലാക്കി മലയോര മേഖലയിൽ കഞ്ചാവ് മാഫിയകളുടെ പ്രവർത്തനം വീണ്ടും സജീവമാകുന്നു. ചെറുപുഴ ചെക്ഡാം പരിസരം, പുളിങ്ങോംപുതിയപാലം,ഉമയംചാൽ, മീന്തുള്ളി ഭാഗങ്ങളിലാണു ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കഞ്ചാവ് മാഫിയകളുടെ പ്രവർത്തനം സജീവമായത്.പരിശോധന കർശനമാക്കിയതോടെ ഉൾവലിഞ്ഞ സംഘം അടുത്ത കാലത്താണു വീണ്ടും സജീവമായത്.ഇടയ്ക്കിടെ നാമമാത്രമായ കഞ്ചാവുമായി ചിലർ പൊലീസിന്റെ പിടിയിലാകുണ്ടെങ്കിലും കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാനികൾ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. നാലും അഞ്ചും ഗ്രാം കഞ്ചാവുമായാണു പലരും പൊലീസിന്റെ പിടിയിലാകുന്നത്.
ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ടാണു വിൽപനക്കാർ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നത്.വില കൂടിയ ബൈക്കുകളിലാണു സംഘം എത്തുന്നത്. മലയോരത്തു ഏറ്റവും കൂടുതൽ കഞ്ചാവ് കൈമാറുന്നത് പുളിങ്ങോം പുതിയ പാലത്തിൽ വച്ചാണ്. ഇവിടെ ആളൊഴിഞ്ഞ പ്രദേശമായതിനാൽ ആരും ശ്രദ്ധിക്കില്ല. ഇതിനുപുറമെ ഒരു വശം കർണാടക വനമായാൽ ആൾസഞ്ചാരം കുറവായ സ്ഥലം കൂടിയാണ്.മലയോര മേഖലയിലെ ലഹരിമാഫിയകളെ തളയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.