പയ്യാവൂർ ∙ ചന്ദനക്കാംപാറ മേഖലകളിൽ സ്ഥിരമായി കാട്ടാന ശല്യം ഉണ്ടായിട്ടും സർക്കാരും വനം വകുപ്പും കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് പ്രദേശത്തെ മുഴുവൻ കർഷകരേയും സംഘടിപ്പിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ. ചന്ദനക്കാംപാറ ചാപ്പക്കടവ് ടൗണിനോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം നാശനഷ്ടം ഉണ്ടാക്കിയ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. പയ്യാവൂർ പഞ്ചായത്ത് നിർമിച്ച സോളർവേലി അശാസ്ത്രീയമാണെന്നും പറഞ്ഞു. പ്രദേശത്തെ കർഷകരുടെ യോഗം 22ന് ചന്ദനക്കാംപാറയിൽ ചേരും. കർഷകരായ മാരിയടി തോമസ്, കവിയിൽ ചാക്കോ, മച്ചികാട്ട് പ്രദീപ് എന്നിവർക്കു മാത്രം കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഒ.ചന്ദ്രശേഖരൻ, നിയോജകമണ്ഡലം പ്രസിഡന്റ് റോയി ഈറ്റക്കൽ, ജില്ലാ ജനറൽ സെക്രട്ടറി അലക്സാണ്ടർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് അറക്കപ്പറമ്പിൽ, കോൺഗ്രസ് നേതാക്കളായ ഇ.കെ.കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ.രാഘവൻ, പഞ്ചായത്ത് അംഗം ജിത്തു തോമസ്, കോൺഗ്രസ് നേതാക്കളായ ഷീംസ് തോമസ്, ഐഎൻടിയുസി നേതാവ് ബേബി മുല്ലക്കരി, കുര്യാച്ചൻ മുണ്ടക്കൽ, ജേക്കബ് പനത്താനം, ജോയ് പാറയ്ക്കൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.