അലഞ്ഞു തിരിയുന്ന കന്നുകാലികൾ; സംസ്ഥാനപാത വഴിയുള്ള യാത്ര ദുരിതപൂർണം
Mail This Article
ഇരിക്കൂർ ∙ അലഞ്ഞു തിരിയുന്ന കന്നുകാലികൾ സംസ്ഥാനപാത വഴിയുള്ള യാത്ര ദുരിത പൂർണമാക്കുന്നു. നിലാമുറ്റം, ഇരിക്കൂർ, മണ്ണൂർകടവു പാലം എന്നിവിടങ്ങളിലാണു കന്നുകാലികൾ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമായിരിക്കുന്നത്. ടൗണിലും പരിസരങ്ങളിലുമുള്ള പലരും കന്നുകാലികളെ രാവിലെ ടൗണിലേക്കാണ് തുറന്നു വിടുന്നത്. പഴങ്ങളുടെയും പച്ചക്കറികളുടെയും അവശിഷ്ടങ്ങൾ തിന്നു അവ വയറു നിറയ്ക്കും. കറവയ്ക്കു സമയമാകുമ്പോൾ ഉടമകൾ വീട്ടിലേക്കു കൊണ്ടുപോകും. കന്നുകാലികളെ പോറ്റാൻ ഉടമയ്ക്കു വലിയ ചെലവുമില്ല.
കടകളുടെയും മറ്റും വരാന്തകളിൽ എത്തുന്ന കന്നുകാലികളുടെ ചാണകവും മൂത്രവും നീക്കം ചെയ്തു പൊറുതി മുട്ടിയിരിക്കുകയാണ് പലരും. അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടുന്നതിനു നേരത്തെ പെരുവളത്തുപറമ്പിലും ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂളിനു സമീപവും പഞ്ചായത്തു പദ്ധതിയിൽ ഉൾപ്പെടുത്തി ആല നിർമിച്ചിരുന്നെങ്കിലും പിന്നീട് ഉപയോഗശൂന്യമാകുകയായിരുന്നു. കന്നുകാലി ശല്യം തടയാൻ, ഉടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.