ഇവ ചെയ്യരുത്; വൻ ലാഭം മോഹിക്കരുത്, ജോലി തേടി ‘പണി’ വാങ്ങരുത്: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Mail This Article
പയ്യന്നൂർ ∙ ഓൺലൈൻവഴി കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നു പരാതി. ഒറ്റദിവസം 9 പരാതികൾ വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തു. തട്ടിപ്പിനിരയായ ഒട്ടറെപ്പേർ ഇനിയും ജില്ലയിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വൻ ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചവരാണ് കൂടുതലായും തട്ടിപ്പിനിരയായത്. ഒടിപി സംഘടിപ്പിച്ച് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്ത സംഭവവുമുണ്ട്. പൊലീസിന്റെ ഓൺലൈൻ പോർട്ടലിൽ വന്ന 9 പരാതികളിലാണ് പൊലീസ് കേസെടുത്തത്. ഇതിൽ 4 പരാതികളും പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിലാണ്. പരിയാരത്ത് 2, കണ്ണൂർ ടൗണിൽ 2, എടക്കാട് 1 എന്നിങ്ങനെയും പരാതി റജിസ്റ്റർ ചെയ്തു.
ഇവ ചെയ്യരുത്- ജില്ലയിൽ റജിസ്റ്റർ ചെയ്ത കേസുകളിൽനിന്ന് ചില പാഠങ്ങൾ
വൻ ലാഭം മോഹിക്കരുത്
∙ കോറോം ചാലക്കോട് പി.ഷിജിലിന് 29 ലക്ഷം രൂപയാണ് നഷ്ടമായത്. വൻലാഭം വാഗ്ദാനം ചെയ്ത സെപ്റ്റംബർ 20നും 22നുമിടയിൽ ടെലിഗ്രാം ആപ് വഴി പണം തട്ടിയെടുത്തു എന്നാണ് പരാതി.
∙ ചെറുതാഴം നെരുവമ്പ്രത്തെ കുഞ്ഞാമിന മൻസിലിൽ എസ്.വി.കുഞ്ഞാമിനക്ക് നഷ്ടമായത് 3,72,033 രൂപയാണ്. വൻ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫെബ്രുവരി 15നും 16നുമാണ് ഓൺലൈനിൽ പണം നിക്ഷേപിച്ചത്.
ജോലി തേടി ‘പണി’ വാങ്ങരുത്
∙ കോത്തായി മുക്ക് പാട്യം റോഡിൽ അഞ്ജലി രവീന്ദ്രന് ഇൻഫോസിസിൽ ജോലി വാഗ്ദാനം ചെയ്ത് ജൂലൈ 15നും 17നുമിടയിൽ 2,80,000 രൂപ തട്ടിയെടുത്തു.
∙ പയ്യന്നൂരിലെ ടി.പി.അക്ഷയ്ക്ക് ജോലി വാഗ്ദാനം ചെയ്താണ് സെപ്റ്റംബർ 25നും ഒക്ടോബർ 4നുമിടയിൽ അജ്ഞാതൻ 1,40,000 രൂപ തട്ടിയെടുത്തത്.
കൈവിടരുത്, ഒടിപി
∙ കെവൈസി അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞ് വന്ന ഫോൺ കോളിലാണ് കീഴുന്നയിലെ രവീന്ദ്രനും ഭാര്യയ്ക്കും ഒരു ലക്ഷം രൂപ നഷ്ടമായത്. തട്ടിപ്പുകാർ പറയുന്നത് പോലെ ചെയ്ത് ഒടിപി കൂടി പറഞ്ഞു കൊടുത്തതോടെ രവീന്ദ്രന്റെ അക്കൗണ്ടിൽ നിന്ന് 29,900 രൂപയും ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 74,000 രൂപയും നഷ്ടമായി.
കണ്ണടച്ച് ഓൺലൈൻ നിക്ഷേപം വേണ്ട
∙ ഓൺലൈൻ വഴി ജോലി ചെയ്തും നിക്ഷേപം നടത്തിയും വൻ ലാഭം കിട്ടുമെന്നു പറഞ്ഞാണ് പരിയാരം കുറുവയിലെ മീത്തലെ വീട്ടിൽ പി.എം.ദിവ്യയിൽ നിന്ന് 1,49,920 രൂപ തട്ടിയെടുത്തത്. ഓഗസ്റ്റ് 26 മുതൽ 30 വരെയാണ് പണം നൽകിയത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
വിശ്വസിക്കരുത്, വിചിത്ര വാഗ്ദാനങ്ങൾ
∙ ടെലഗ്രാം ആപ്പിലേക്കു വന്ന കോൾ അറ്റൻഡ് ചെയ്തതോടെ 1,10,000 രൂപ നഷ്ടമായെന്നു കണ്ണൂർ പള്ളിക്കുന്നിലെ അമൃത് രാജ് നൽകിയ പരാതിയിൽ പറയുന്നു. ടെലിഗ്രാമിലേക്കു വരുന്ന കോൾ എടുത്താൽ ദിവസം 750 രൂപ മുതൽ നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
അശ്രദ്ധ വേണ്ട, തട്ടിപ്പിന്റെ പ്ലാറ്റ്ഫോമുകളുണ്ട്
∙ 4,75,000 രൂപ നഷ്ടമായ പരാതിയുമായാണ് ചാലാട് സ്വദേശിനി സംഗീത കണ്ണൂർ ടൗൺ പൊലീസിൽ എത്തിയത്. ഓൺലൈൻ വഴി വിൽപന നടത്തുന്ന പ്ലാറ്റ്ഫോമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മേയ് മുതൽ ജൂലൈ വരെ ഇവർ പണം അയച്ചു കൊടുത്തത്.
ലോൺ ആപ് തട്ടിപ്പ് പരാതി നൽകാൻ പൊലീസ് വാട്സാപ് നമ്പർ 9497980900
തിരുവനന്തപുരം ∙ അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്കു പരാതി നൽകാൻ പൊലീസിന്റെ പ്രത്യേക വാട്സാപ് നമ്പർ സംവിധാനം നിലവിൽ വന്നു. 94979 80900 എന്ന നമ്പറിൽ 24 മണിക്കൂറും വാട്സാപ്പിൽ വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയ്സ് ഫയലുകളായി പരാതി അയയ്ക്കാം. നേരിട്ടുവിളിച്ചു സംസാരിക്കാനാവില്ല.
ആവശ്യമുണ്ടെങ്കിൽ പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ചു വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പുകളിലൂടെ വായ്പയെടുത്ത് തിരിച്ചടവു മുടങ്ങിയപ്പോൾ ഭീഷണിയെത്തുടർന്ന് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായതിനെത്തുടർന്നാണ് പൊലീസ് നടപടി തുടങ്ങിയത്.