കർണാടക, മാഹി പെട്രോളിന്റെ വരവ്; 30ന് പെട്രോൾ പമ്പുകൾ അടച്ച് സമരമെന്ന് ഡീലേഴ്സ് അസോ.
Mail This Article
കണ്ണൂർ ∙ കർണാടകയിൽ നിന്നും മാഹിയിൽനിന്നും പെട്രോൾ കടത്തി ജില്ലയിൽ വിതരണം ചെയ്യുന്നതിനെതിരെ 30ന് പെട്രോൾ പമ്പുകൾ അടച്ച് പണിമുടക്കുമെന്നു കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ. 24 മണിക്കൂറാണു സമരം. സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ വിൽപന നികുതി നഷ്ടം വരുത്തിയും ജില്ലയിലെ പെട്രോൾ പമ്പുകളിൽ വ്യാപാരനഷ്ടം വരുത്തിയുമാണ് ഇന്ധനക്കടത്തു തുടരുന്നത്. മാഹിയിൽ പെട്രോളിന് ലീറ്ററിനു 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും വിലക്കുറവുണ്ട്.
അവിടെനിന്ന് ടാങ്കർ ലോറികളിലും ബാരലുകളിലും കാനുകളിലുമായാണ് ജില്ലയിൽ ഇന്ധനം എത്തിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇന്ധനക്കടത്ത് പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളുണ്ടായില്ലെന്നും ആരോപിച്ചു. 2017നു ശേഷം ഡീലർ കമ്മിഷനിൽ വർധന ലഭിക്കാത്തതും മുതൽമുടക്കു വർധിച്ചതും കാരണം നഷ്ടങ്ങൾ സഹിച്ചാണു ജില്ലയിൽ പമ്പുകൾ പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.