ട്രോളി ബാഗിൽ മൃതദേഹം കണ്ടെത്തിയ സംഭവം: സംശയങ്ങൾക്ക് വിരാമമിട്ട് കണ്ണവത്ത് കാണാതായ യുവതിയെ കണ്ടെത്തി

Mail This Article
ഇരിട്ടി∙ മാക്കൂട്ടം ചുരത്തിലെ വനത്തിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തിൽ കണ്ണവത്ത് കാണാതായ യുവതിയെ സംശയിച്ച് അന്വേഷണം നടക്കുന്നതിനിടെ യുവതിയെ കണ്ടെത്തി. ഇതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമായി. കർണാടക പൊലീസ് കണ്ണവത്തെത്തി യുവതിയുടെ അമ്മയുടെ മൊഴിയെടുക്കുകയും ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിന് ഇടയിലാണ് യുവതിയെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ പെരുമ്പുന്ന മുരിങ്ങോടിയിലെ പാറങ്ങോട്ട് കോളനിയിൽ കണ്ടെത്തുന്നത്. രമ്യ ഈ കോളനിയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ബന്ധുക്കൾ എത്തി രമ്യയെ തിരിച്ചറിയുകയായിരുന്നു. കണ്ണവം പൊലീസ് കോളനിയിൽ എത്തി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് പ്രകാരമുള്ള മറ്റു നടപടിക്കായി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി.
തൊടീക്കളം കോളനിയിലെ ബാബുവിന്റെ ഭാര്യ രമ്യ (31) യെ കാണാനില്ലെന്ന് കാണിച്ച് കണ്ണവം പൊലീസ് സ്റ്റേഷനിൽ ബാബു പരാതി നൽകിയിരുന്നു. കണ്ണവം പൊലീസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മാക്കൂട്ടം ചുരം പാതയിലെ വനത്തിൽ നിന്നും രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തുന്നത്.
സംഭവം നടന്നെന്നു സംശയിക്കുന്ന കാലയളവിൽ മാക്കൂട്ടം ചുരം പാതിവഴി ഇരു ഭാഗത്തേക്കും കടന്നു പോയ വാഹനങ്ങൾ മാക്കൂട്ടത്തേയും പെരുമ്പാടിയിലെയും ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലൂടെ പരിശോധിച്ചു വരികയാണ്. ഈ കാലയളവിൽ ഇതുവഴി കടന്നു പോയ ഒരു ഇന്നോവ വാഹനം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നോവ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നത്. ഈ വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ ഇരിട്ടി മേഖലയിലെ ഒരു ഇരുചക്രവാഹനത്തിന്റെ നമ്പർ ആണ് ഇതിൽ ഉപയോഗിച്ചത് എണ് കണ്ടെത്തിയത്. ഇതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local