ADVERTISEMENT

കുടിയാൻമല∙ നടുവിൽ പഞ്ചായത്തിലെ കനകക്കുന്ന് കവരപ്ലാവിൽ സ്റ്റോൺ ക്രഷറിന്റെ മറവിൽ അനധികൃത കരിങ്കൽ ഖനനം നടത്തുന്നതായി പരാതി. ലൈസൻസുള്ള ക്വാറികളിൽ നിന്നും കല്ലു കൊണ്ടുവന്ന് വിവിധ വലുപ്പത്തിൽ പൊടിക്കുന്ന ക്രഷറിന്റെ ലൈസൻസ് മാത്രമാണുള്ളതെന്നും കല്ല് ക്വാറികളിൽ നിന്ന് കൊണ്ടുവരികയാണെന്നു പറയുമ്പോഴും ഇതിന്റെ മറവിലാണത്രെ ക്രഷർ കമ്പനി ഖനനം നടത്തുന്നത്. പേരിനു മാത്രം കല്ല് കൊണ്ടുവരികയും ഭൂരിഭാഗം ഖനനം നടത്തി ശേഖരിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. സ്ഫോടനം നടത്തിയാണ് ഖനനമെന്നും ഇതിന്റെ പ്രകമ്പനം ഒരു കിലോമീറ്ററിലധികം ദൂരത്ത് അനുഭവപ്പെടുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. 

ചെങ്കുത്തായ പ്രദേശത്താണ് ഖനനമെന്നതിനാൽ സ്ഫോടന അവശിഷ്ടങ്ങളും മറ്റും ഒഴുകി താഴ്ന്ന പ്രദേശത്ത് എത്തുകയും ഇവിടെയുള്ള ശുദ്ധജലം മലിനമാകുകയും ചെയ്യുന്നുണ്ട്. വൻതോതിലുള്ള കരിങ്കൽ ഖനനം ജലക്ഷാമത്തിനും കാരണമാകും. സമുദ്രനിരപ്പിൽ നിന്ന് 1700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ പോലും ലംഘിച്ചാണത്രെ 2500 ൽ അധികം അടി ഉയരത്തിലുള്ള കവരപ്ലാവിൽ ഖനനം നടത്തുന്നത്. ഇതിനോട് ചേർന്ന് വനഭൂമിയാണ്. പരിസ്ഥിതി പ്രശ്നത്തിന് പുറമേ ഉരുൾപൊട്ടൽ സാധ്യതയും വർധിപ്പിക്കുന്നു. ചെറുതും വലുതുമായ ഒട്ടേറെ ഉരുൾപൊട്ടലുണ്ടായ മേഖലയാണിത്. ഇതേ മലയുടെ മറുഭാഗത്ത് പ്രവർത്തിച്ച പാത്തൻപാറ കരിങ്കൽ ക്വാറി ഭൂമി വിണ്ടുകീറിയതിനെ തുടർന്ന് അധികൃതർ നിർത്തിവയ്പിച്ചിരുന്നു.

ഇതിന്റെ ഭീതി നിലനിൽക്കുമ്പോഴാണ് മറുഭാഗത്തും കരിങ്കൽ ഖനനം ആരംഭിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ഖനനം. അതേസമയം, കവരപ്ലാവിലേക്കുള്ള റോഡ് നവീകരിക്കുന്നതിനു വേണ്ടിയാണ് പാറ പൊട്ടിക്കുന്നതെന്നും ക്രഷറിലേക്കുള്ള കല്ല് ക്വാറികളിൽ നിന്നാണ് കൊണ്ടുവരുന്നതെന്നും ക്രഷറുമായി ബന്ധപ്പെട്ടവർ പറയുന്നു.

പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു

അതേസമയം, ക്രഷറിന്റെ മറവിൽ ഖനനം നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ക്രഷറിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും ഇതുസംബന്ധിച്ച് ഉടമയ്ക്ക് നോട്ടിസ് നൽകുമെന്നും അവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com