ADVERTISEMENT

കണ്ണൂർ∙ രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള പാർട്ടി ഫണ്ടുകളിലെ തിരിമറി ആക്ഷേപത്തെ തുടർന്നു വിവാദമായ പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നിർണായക നടപടികളിലേക്കു സിപിഎം. ഇന്നു കണ്ണൂരിൽ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പയ്യന്നൂരിനെ സംബന്ധിച്ച് നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണു സൂചന. ഇന്ന് ഉച്ചയ്ക്കു ശേഷം പയ്യന്നൂർ ഏരിയ കമ്മിറ്റി പയ്യന്നൂരിലും ഏരിയക്കു കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരുടെയും ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും യോഗം കണ്ടോത്തും വിളിച്ചു ചേർത്തിട്ടുണ്ട്.

ഫണ്ട് തിരിമറി ആക്ഷേപങ്ങളെയും വിവാദങ്ങളെയും തുടർന്നു കഴിഞ്ഞ വർഷം ജൂണിൽ 6 പേർക്കെതിരെയാണു സിപിഎം നടപടിയെടുത്തത്. വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായതിന്റെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയ ടി.ഐ.മധുസൂദനൻ എംഎൽഎ ജില്ലാ സെക്രട്ടേറിയറ്റിലേക്കു തിരിച്ചെത്തിയേക്കും. ജില്ലാ കമ്മിറ്റി അംഗം പി.സന്തോഷിനെ ഏരിയ സെക്രട്ടറിയാക്കുമെന്നും സൂചനയുണ്ട്. വി.കുഞ്ഞിക്കൃഷ്ണനെ വീണ്ടും ഏരിയ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കം നേരത്തെയുണ്ടായിരുന്നു. അതേസമയം, പയ്യന്നൂർ ഏരിയ കമ്മിറ്റി സംബന്ധിച്ച തീരുമാനങ്ങൾ പാർട്ടി നേതൃത്വം സ്ഥിരീകരിക്കുന്നില്ല.

നിലവിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷാണ് ഏരിയ സെക്രട്ടറി സ്ഥാനം വഹിക്കുന്നത്. ഫണ്ട് തിരിമറിയിൽ ആക്ഷേപം നേരിട്ടവർക്കെതിരെ നടപടിയെടുത്തതിനൊപ്പം, തിരിമറി സംബന്ധിച്ചു പരാതി നൽകിയ വി.കുഞ്ഞിക്കൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കുകയും ചെയ്തിരുന്നു. കുറ്റാരോപിതർക്കെതിരെ പേരിനു മാത്രം നടപടിയെടുത്തതിലും പരാതി നൽകിയ തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതിലും പ്രതിഷേധിച്ച് മാസങ്ങളോളം ഏരിയ കമ്മിറ്റി യോഗങ്ങളിൽ നിന്നു വി.കുഞ്ഞിക്കൃഷ്ണൻ വിട്ടുനിന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇടപെട്ട ശേഷമാണു ഇക്കൊല്ലം ഫെബ്രുവരിയിൽ കുഞ്ഞിക്കൃഷ്ണൻ പാർട്ടി കമ്മിറ്റികളിൽ വീണ്ടും സജീവമായത്.

വി.കുഞ്ഞിക്കൃഷ്ണന് ഏരിയ സെക്രട്ടറി സ്ഥാനം തിരികെ ലഭിക്കുന്നില്ലെന്നതിനേക്കാൾ, ടി.ഐ.മധുസൂദനനു പഴയ സ്ഥാനം തിരികെ ലഭിക്കുന്നുവെന്നതാണു പയ്യന്നൂരിലെ ഒരു വിഭാഗം സിപിഎം പ്രവർത്തകർക്കു കനത്ത തിരിച്ചടിയാകുക. ഫണ്ട് തിരിമറി സംബന്ധിച്ച വി.കുഞ്ഞിക്കൃഷ്ണന്റെ പരാതി തീർത്തും തള്ളുന്ന നിലപാടാണു സിപിഎം ജില്ലാ നേതൃത്വം തുടക്കം മുതൽ സ്വീകരിച്ചത്. പാർട്ടി ഫണ്ടുകളിലെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകൾ എഴുതി വയ്ക്കുന്നതിൽ മാത്രമാണു വീഴ്ചയുണ്ടായതെന്നുമാണു സിപിഎം പുറത്തു പറഞ്ഞത്. പുതിയ കണക്കുകൾ അംഗീകരിക്കുകയും ചെയ്തു. അതേസമയം, വി.കുഞ്ഞിക്കൃഷ്ണൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആവർത്തിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com