രണ്ടാം വന്ദേ ഭാരതിനെ സ്വീകരിച്ച് പയ്യന്നൂർ

Mail This Article
പയ്യന്നൂർ∙ആഘോഷങ്ങളും ആരവങ്ങളുമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാമത് വന്ദേ ഭാരത് എക്സ്പ്രസിന് സ്വീകരണം നൽകി. പ്ലാറ്റ്ഫോമിലേക്കു കടന്നു വരുന്ന ട്രെയിനിനെ ജനങ്ങൾ പൂക്കൾ വാരിയെറിഞ്ഞ് വരവേറ്റു. പി.ടി.നാരായണ വാരിയർ ആരതി ഉഴിഞ്ഞു. ചെണ്ടമേളങ്ങളും ആർപ്പു വിളികളും സ്വീകരണത്തിന് കൊഴുപ്പേകി. സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ ലോക്കോ പൈലറ്റിനു പൂച്ചെണ്ട് നൽകി ഹസ്തദാനം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി. ബിജെപി മണ്ഡലം പ്രസിഡന്റ് പനക്കീൽ ബാലകൃഷ്ണന്റെയും സംസ്ഥാന സമിതി അംഗം കെ.കെ.ശ്രീധരന്റെയും നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ട്രെയിനിന് അഭിവാദ്യമർപ്പിച്ച് പ്ലാറ്റ് ഫോമിൽ പ്രകടനം നടത്തി.
പയ്യന്നൂരിലും വേണം സ്റ്റോപ്പ്
റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ് കാട്ടി പയ്യന്നൂരുക്കാരെ കൊതിപ്പിക്കുന്നു. ആദ്യത്തെ ട്രെയിനും രണ്ടാമത്തെ ട്രെയിനും കന്നിയാത്രയിൽ സ്വീകരണം നൽകാനാണ് പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തിക്കൊടുത്തത്. പൂക്കളെറിഞ്ഞും മധുരം നൽകിയും മേളക്കൊഴുപ്പ് കൂട്ടിയും വന്ദേ ഭാരത് ട്രെയിനിനെ സ്വീകരിച്ച പയ്യന്നൂർക്കാർക്ക് റെയിൽവേ ഒരു സൗജന്യം കൂടി നൽകി. അടുത്ത സ്റ്റേഷൻ വരെ സൗജന്യ യാത്ര. ആദ്യ ട്രെയിൻ എത്തിയത് രാത്രിയിലായിരുന്നു.
അതു കൊണ്ട് കാസർകോട്ടേക്കുള്ള യാത്രയിൽ പയ്യന്നൂരിൽ നിന്ന് 300ലധികം പേർ കയറി. ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്കായിരുന്നു യാത്ര. അതിൽ ആയിരത്തിലധികം പേർ സ്ഥാനം പിടിച്ചു. സ്വീകരണത്തിന് 3 മിനിറ്റിലധികം നിർത്തിയ ഈ ട്രെയിൻ ഇനി മുതൽ ഈ സ്റ്റേഷൻ വഴി ചീറിപ്പായും.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സ്ഥാനം നേടിയ രണ്ടാം ബർദോളിയായ പയ്യന്നൂർ, നാവിക അക്കാദമിയുടെയും സിആർപിഎഫിന്റെയും മദർ സ്‌റ്റേഷനാണ്. ഇവിടെ വന്ദേ ഭരതിന് സ്‌റ്റോപ്പ് അനിവാര്യമാണെന്നത് അധികൃതരെ ബോധ്യപ്പെടുത്താൻ പയ്യന്നൂരിൽ ആരെങ്കിലും ഉണ്ടാകുമോ.