മാടായിപ്പാറയുടെ ചെരിവിൽ വിള്ളൽ കൂടുന്നു; അപകട സൂചനാ ബോർഡ് പോലും ഇല്ല
Mail This Article
പഴയങ്ങാടി∙ ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ പടിഞ്ഞാറൻ ചെരിവിൽ വിള്ളൽ കൂടുന്നു. പതിറ്റാണ്ടുകളോളം ചൈനാക്ലേ ഖനനം നടന്നതിന് സമീപമാണ് 200 മീറ്ററോളം നീളത്തിൽ കൂടി വരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാറയിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനായി ഇവിടെ ആളുകൾ എത്താറുണ്ട്. ഇതിനുപുറമേ മഴക്കാലത്ത് പാറയിൽ നടക്കുന്ന മഴ ക്യാംപിനെത്തുന്നവരും വിള്ളലിന്റെ സമീപത്തായുളള ശലഭ പാർക്കിലാണ് ഒത്തു ചേരുന്നത്.
സമീപകാലത്തായി മാടായിപ്പാറ കാണാനും പാറയിലെ ജൈവ വൈവിധ്യം തൊട്ടറിയാനും ജില്ലയിലെ വിദ്യാർഥികൾ ഇവിടെ വരുന്നുണ്ട്. മുൻ കാലങ്ങളിൽ പാറയിൽ തെക്കുകിഴക്ക് ഭാഗത്ത് വര എന്ന് പേര് വിളിക്കുന്ന വലിയ വിള്ളൽ ഉണ്ടായിരുന്നു. എന്നാൽ സമീപകാലത്താണ് പടിഞ്ഞാറൻ ചെരിവിലുളള വിള്ളൽ കൂടിവരുന്നത്. പാറയിലെത്തുന്ന അപരിചിതരായ ആളുകൾക്ക് ഇത്തരത്തിലുളള വിള്ളൽ ഇവിടെ ഉണ്ടെന്ന് അറിയുക പോലുമില്ല. അധികൃതർഅപായ സൂചന ബോർഡുപോലും ഇവിടെ സ്ഥാപിച്ചില്ല.