ADVERTISEMENT

ഇരിട്ടി∙ 4 വർഷമായി പ്രഖ്യാപനത്തിൽ ഒതുങ്ങിയ ആനമതിൽ പണിക്കുള്ള തടസ്സങ്ങൾ എല്ലാം ഒടുവിൽ നീങ്ങി. മതിൽ സ്ഥാപിക്കേണ്ട ആദ്യ റീച്ചിലെ മരങ്ങൾ മുറിച്ചു കൂട്ടി. ഔദ്യോഗിക ഉദ്ഘാടനം 30 ന് നടത്തും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, കെ.രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് ക്രമീകരിക്കുന്നത്. ആനമതിൽ പണി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നേരത്തേ നിശ്ചയിച്ച മരം വിൽപന ലേലം ഒഴിവാക്കി കഴിഞ്ഞ ദിവസം മരങ്ങൾ മുറിച്ചു കൂട്ടി അട്ടിയിടാൻ ലേലം നടത്തുകയായിരുന്നു. 1.97 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചതിന് പിന്നാലെ തന്നെ മരം മുറി നടത്തി. ആദ്യ റീച്ചിലെ 102 മരങ്ങളാണ് മുറിച്ച് അട്ടിയിട്ടത്.

നിർദിഷ്ട മതിൽ സ്ഥാപിക്കുന്ന 10.5 കിലോമീറ്റർ ദൂരം വരുന്ന സ്ഥലത്തെ 390 മരങ്ങൾ വിൽപന നടത്താൻ 12ന് ലേലം നിശ്ചയിക്കുകയും മരങ്ങൾക്ക് 21 ലക്ഷം രൂപ സാമൂഹ്യ വനവൽക്കരണ വിഭാഗം മൂല്യം നിർണയിക്കുകയും ചെയ്തിരുന്നു. മുറിക്കേണ്ടവയിൽ 80 ശതമാനത്തിലധികവും പാഴ്മരങ്ങൾ ആയിരിക്കെ ഈ തുകയ്ക്ക് ഒരു കാരണവശാലും ആരും ലേലം സ്വീകരിക്കില്ലെന്നും വൻ വില നിശ്ചയിച്ചതിനാൽ ആനമതിൽ അനിശ്ചിതമായി നീളുമെന്നും താലൂക്ക് വികസന സമിതിയിൽ ഉൾപ്പെടെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മരം മുറിച്ചു കൂട്ടാൻ ലേലം വിളിച്ചത്.

പരിപ്പുതോട് വനം സെക്‌ഷൻ ഓഫിസ് പരിസരം മുതൽ അതിർത്തി വരെയുള്ള 2.5 കിലോമീറ്റർ ദൂരത്ത് ആദ്യഘട്ടത്തിൽ മതിൽ പണിയുന്ന സ്ഥലത്തെ മരങ്ങളാണ് മുറിച്ചത്. ഇവിടെ പണി പുരോഗമിക്കുന്നതനുസരിച്ച് അവശേഷിച്ച ഭാഗത്തെ മരങ്ങളും ലേലം ചെയ്തു മുറിച്ചു കൂട്ടും. അട്ടിയിട്ട മരങ്ങൾ പിന്നീട് ലേലം ചെയ്തു വിൽപന നടത്തും. മതിൽ പണിക്കുള്ള സാമഗ്രികളും കരാറുകാർ സ്ഥലത്ത് എത്തിച്ചു തുടങ്ങി. മരം മുറിക്കാനുള്ള ഇല്ല സ്ഥലത്ത് കുഴിയാട്ട കീറൽ പ്രവൃത്തിയും നടത്തുന്നുണ്ട്.

പണി നിരീക്ഷിക്കാൻ സമിതി

കാട്ടാനകളുടെ ആക്രമണം തടയാൻ ആറളം ഫാം – ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ നിർമിക്കുന്ന മതിലിന്റെ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഉറപ്പാക്കാൻ‌ പ്രത്യേക നിരീക്ഷണ സമിതിയും. ആദിവാസി പുനരധിവാസ മിഷൻ ആറളം ഫാം സൈറ്റ് മാനേജർ കെ.വി.അനൂപ് കൺവീനറായി ആറളം വൈൽഡ് ലൈഫ് വാർഡൻ, മരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരടങ്ങുന്നതാണ് ഈ സമിതി.

ജൂലൈ 6 ന് തിരുവനന്തപുരത്തു മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രത്യേക നിരീക്ഷണ സമിതിക്കു രൂപം നൽകിയത്. 10.5 മീറ്റർ കോൺക്രീറ്റ് കരിങ്കൽ മതിലും 5.5 കിലോമീറ്റർ കൂപ്പുറോഡുകളും 550 മീറ്റർ റെയിൽ വേലിയും ഉൾപ്പെടുന്നതാണ് പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com